കൊവിഡ് 19നെതിരെ മരുന്ന് അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തിരിച്ചടിയുണ്ടാകും : പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

വാഷിംഗ്ടണ്‍: കൊവിഡ് 19നെതിരെ പോരാടാന്‍ മലേറിയക്കെതിരെ ഉപയോഗിക്കുന്ന ഹൈഡ്രോക്ലോറോക്വിന്‍ അമേരിക്കയിലേക്ക് കയറ്റിയയച്ചില്ലെങ്കില്‍ തക്കതായ തിരിച്ചടിയുണ്ടാകുമെന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പറഞ്ഞതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ശനിയാഴ്ച ട്രംപ് മരുന്ന് നല്‍കണമെന്ന് മോദിയോട് ഫോണില്‍ അപേക്ഷിച്ചിരുന്നു.

ഇന്ത്യയോട് മരുന്ന് ചോദിക്കുന്നതില്‍ നാണക്കേട് കരുതേണ്ട കാര്യമില്ലെന്നും കൊവിഡിനെതിരെ പോരാടാന്‍ ഇന്ത്യയും യുഎസും ഒരുമിക്കണമെന്നും ട്രംപ് പറഞ്ഞിരുന്നു. തൊട്ടുപിന്നാലെ ഇന്ത്യക്ക് 2.9 മില്ല്യണ്‍ ഡോളറിന്റെ സാമ്പത്തിക സഹായവും അമേരിക്ക നല്‍കി. അതേസമയം വിഷയത്തില്‍ ഇന്ന് ഇന്ത്യ നിലപാട് അറിയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.

മൊത്തം ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകളുടെ കണക്കെടുപ്പ് നടക്കുകയാണെന്നും സ്റ്റോക്ക് അറിഞ്ഞതിന് ശേഷം മാത്രമേ ഔദ്യോഗിക നിലപാട് അറിയിക്കൂവെന്നും ഔദ്യോഗിക വൃത്തങ്ങള്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. കഴിഞ്ഞ മാസമാണ് മരുന്നിന്റെ കയറ്റുമതി ഇന്ത്യ നിരോധിച്ചത്. നിലവില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് മരുന്ന് നല്‍കുന്നത്. എന്നാല്‍, മരുന്ന് ആവശ്യപ്പെട്ട് രണ്ട് ദിവസം കഴിഞ്ഞിട്ടും ഇന്ത്യ മറുപടി നല്‍കാത്തതാണ് ട്രംപിനെ ചൊടിപ്പിക്കുന്നതിനു കാരണമായത്.

Comments are closed.