മലയാള സിനിമ ആ നടനെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നോ സംവിധായകന്‍ ഡോ. ബിജു

ഹാസ്യനടനായും സ്വഭാവ നടനായും ഒട്ടേറെ കഥാപാത്രങ്ങള്‍ ചെയ്ത ശശി കലിംഗ മലയാള സിനിമ വേണ്ട രീതിയില്‍ ഉപയോഗിക്കാതിരുന്ന താരമാണെന്ന് സംവിധായകന്‍ ഡോ. ബിജു സാമൂഹ്യ മാധ്യമത്തില്‍ പറയുന്നു.

ഡോ. ബിജുവിന്റെ ഫേസ്ബുക്ക് പോസ്റ്റ്,

പേരറിയാത്തവര്‍ സിനിമയില്‍ അഭിനയിക്കാന്‍ എത്തുമ്പോഴാണ് കലിംഗ ശശിയേട്ടനെ ആദ്യമായി കാണുന്നത്. പേരറിയാത്തവരിലെ ബാന്‍ഡ് മാസ്റ്ററിന്റെ വേഷത്തിനായി ശശിയേട്ടന്‍ പറ്റും എന്നാലോചിച്ചപ്പോള്‍ നിര്‍മാതാവ് അനില്‍ അമ്പലക്കര ആണ് ശശിയേട്ടനെ വിളിച്ചത്. പേരറിയാത്തവരില്‍ അഞ്ചു ദിവസത്തെ ഷൂട്ട് ആയിരുന്നു ശശിയേട്ടന് ഉള്ളത്. കൂടുതലും നെടുമുടി വേണു ചേട്ടനുമായുള്ള കോംപിനേഷന്‍. ആദ്യ ദിവസം ആദ്യ ടേക്ക് ഒക്കെ ആയ ശേഷം ശശിയേട്ടന്‍ എന്നോട് രഹസ്യമായി പറഞ്ഞു. ഞാന്‍ ഒത്തിരി പേടിച്ചാണ് സെറ്റിലേക്ക് വന്നത്.

കോഴിക്കോട്ട് നിന്ന് ഒട്ടേറെ സിനിമാ സുഹൃത്തുക്കള്‍ പറഞ്ഞു പേടിപ്പിച്ചത് ഡോ ബിജു സെറ്റില്‍ വലിയ കാര്‍ക്കശ്യക്കാരന്‍ ആണ്. അയാളുടെ കീഴില്‍ അഭിനയിക്കുന്നവരെ അയാള്‍ പെടാപ്പാട് പെടുത്തും എന്നൊക്കെയാണ്. ആ പേടിയോടെ ആണ് സെറ്റില്‍ എത്തിയത് . ഇവിടെ വന്നപ്പോള്‍ ആണ് അറിയുന്നത് സിനിമ സിങ്ക് സൗണ്ട് കൂടി ആണെന്ന്. ജീവിതത്തില്‍ ഇതുവരെ ഞാന്‍ സിങ്ക് സൗണ്ടില്‍ സിനിമ ചെയ്തിട്ടില്ല. ഡയലോഗ് പ്രോംപ്റ്റിംഗ് ഇല്ലാതെ കാണാതെ പഠിച്ചു ചെയ്യുന്നതാണ് സിനിമയില്‍ ഇത്ര നാളത്തെ ശീലം.

സംവിധായകനെപ്പറ്റി കേട്ട പേടിയുടെ കൂടെ സിങ്ക് സൗണ്ട് പേടിയും. രണ്ടും കൂടി ഓര്‍ത്തപ്പോ തിരിച്ചു കോഴിക്കോട്ടേയ്ക്ക് വണ്ടി പിടിച്ചാലോ എന്നാലോചിച്ചതാണ്. ഏതായാലും ഇപ്പൊ ആദ്യ ടേക്ക് കഴിഞ്ഞപ്പോള്‍ സമാധാനമായി. ഇപ്പോള്‍ ശശിയേട്ടന് എന്താണ് തോന്നുന്നത് എന്ന് ഞാന്‍ ചോദിച്ചു. ശശിയേട്ടന്‍ ഉച്ചത്തില്‍ ചിരിച്ചു കൊണ്ട് പറഞ്ഞു. ‘തിരിച്ചു ചെന്നിട്ടു ഡോക്ടറെ പറ്റി അപവാദം പറഞ്ഞ അവന്മാരെ ഞാന്‍ നേരിട്ട് കാണുന്നുണ്ട്.

അപ്പോള്‍ സിങ്ക് സൗണ്ടിന്റെ കാര്യമോ ..? ഞാന്‍ ചോദിച്ചു. ഇപ്പഴാ മനസ്സിലായെ സിനിമയില്‍ സ്വാഭാവികമായി ഒരു ആര്‍ട്ടിസ്റ്റിന് അഭിനയിക്കാന്‍ ഏറ്റവും കൂടുതല്‍ സഹായിക്കുന്നത് സിങ്ക് സൗണ്ട് ആണ്. കുന്തത്തോടുള്ള പേടി എനിക്കിന്ന് തീര്‍ന്നു. പേരറിയാത്തവരിലെ ബാന്‍ഡ് മാസ്റ്റര്‍ ശശിയേട്ടന്റെ ക്യാരക്ടര്‍ റോളുകളില്‍ വളരെ മികച്ച ഒന്നാണ്. ഒട്ടേറെ ഉപയോഗിക്കാന്‍ സാധ്യത ഉള്ള ഒരു നടന്‍ ആയിരുന്നു ശശിയേട്ടന്‍. മലയാള സിനിമ ആ നടനെ വേണ്ട രീതിയില്‍ ഉപയോഗപ്പെടുത്തിയിരുന്നോ എന്നത് സംശയം ആണ്. വിട ശശിയേട്ടാ.

Comments are closed.