വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ ഭക്ഷ്യധാന്യങ്ങളെത്തിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി

ന്യൂഡല്‍ഹി : വയനാടിന്റെ പരിധിയില്‍ ഉള്‍പ്പെട്ട കരുവാരക്കുണ്ടില്‍ ഭക്ഷ്യധാന്യങ്ങളെത്തിച്ചിരിക്കുകയാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. സ്മൃതിയുടെ മണ്ഡലമാണ് അമേഠി, എന്നാലും താന്‍ മൂന്നുവട്ടം എം.പി.യായ ഇവിടേക്ക് കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായി രാഹുല്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവ എത്തിച്ചിരുന്നു.

അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമെ 12000 കുപ്പി സാനിറ്റൈസറുകള്‍, ഇരുപതിനായിരം മുഖാവരണങ്ങള്‍, 10000 സോപ്പ് എന്നിവയും രാഹുല്‍ എത്തിച്ചിരുന്നു. തുടര്‍ന്നാണ് സ്മൃതി ഇറാനി ഇടപെട്ട് വയനാട്ടിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്. അതേസമയം മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികളുണ്ട്. രണ്ട് അമേഠി സ്വദേശികള്‍ ഉള്‍പ്പടെ ഇരുപതോളം തൊഴിലാളികളാണ് ഭക്ഷണം കിട്ടാതെ കുടുങ്ങിയിരുന്നത്.

ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. പഞ്ചായത്ത് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഏജന്റ് മുങ്ങിയതാണ് പ്രശ്നമായത്. പഞ്ചായത്തിന്റെ പട്ടികയില്‍ ഇവരുടെ പേരില്ലാത്തതിനാല്‍ സഹായം ലഭിച്ചതുമില്ല. ഇവര്‍ നാട്ടിലുള്ള ചിലരെ, തങ്ങള്‍ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചിരുന്നു.

ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം ധരിപ്പിച്ചിരുന്നു. പിന്നീട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ കാര്യങ്ങള്‍ അറിയിച്ചതുപ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ കരുവാരക്കുണ്ടിലെത്തി ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ ഉടന്‍തന്നെ എത്തിച്ചിരുന്നു. കൂടാതെ തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

Comments are closed.