രാജ്യത്ത് പൊതു ഇടങ്ങള്‍ നാലാഴ്ച കൂടി അടച്ചിടണമെന്ന റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി സംഘം പ്രധാനമന്ത്രിക്ക് സമര്‍പ്പിച്ചു

ന്യുഡല്‍ഹി: കോവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ രാജ്യത്ത് പൊതു ഇടങ്ങള്‍ നാലാഴ്ച കൂടി അടച്ചിടണമെന്ന ഇന്നലെ ചേര്‍ന്ന മന്ത്രിമാരുടെ യോഗത്തിന്റെ റിപ്പോര്‍ട്ട് പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സമര്‍പ്പിച്ചു. കൂടാതെ ലോക്ക്ഡൗണ്‍ നീട്ടണമെന്ന് പത്തോളം സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

മൂന്നാഴ്ച നീണ്ട ലോക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കുന്ന പശ്ചാത്തലത്തില്‍ വിദ്യാഭ്യാസ-മത സ്ഥാപനങ്ങള്‍, മാളുകള്‍ തുടങ്ങിയവ തുറക്കാന്‍ പാടില്ലെന്നും കൂടാതെ ഡ്രോണുകള്‍ ഉപയോഗിച്ചുള്ള നിരീക്ഷണം കുടുതല്‍ കര്‍ശനമാക്കാണമെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതിനു ശേഷമുള്ള നാലാമത്തെ യോഗമാണ് ഇന്നലെ നടന്നത്.

അതേസമയം സംസ്ഥാനങ്ങളുടെ അടക്കം നിര്‍ദേശം പരിഗണിക്കുമെന്നും ദേശീയ താല്‍പര്യം മുന്‍നിര്‍ത്തി ഉചിതമായ സമയത്ത് തീരുമാനമുണ്ടാകുമെന്നും മന്ത്രി പ്രകാശ് ജാവദേക്കര്‍ കഴിഞ്ഞ ദിവസം പറഞ്ഞിട്ടുണ്ടായിരുന്നു. രാജ്നാഥ് സിംഗിന്റെ നേതൃത്വത്തില്‍ നടത്തിയ യോഗത്തില്‍ അമിത് ഷാ, നിര്‍മല സീതരാമന്‍ എന്നിവരും പങ്കെടുത്തിരുന്നു. ആളുകള്‍ കൂടുതല്‍ എത്താന്‍ സാധ്യതയുള്ള എല്ലാ ഇടങ്ങളും അടച്ചിടണമെന്ന കര്‍ശന നിര്‍ദേശമാണ് മന്ത്രിസംഘം നല്‍കിയത്.

Comments are closed.