വനത്തില്‍ നായാട്ടിനെത്തി വെടിയേറ്റയാള്‍ മരിച്ചത് മണിക്കൂറുകളോളം രക്തം വാര്‍ന്നതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

കണ്ണൂര്‍: എടപ്പുഴയിലെ വനത്തില്‍ നായാട്ടിനെത്തി വെടിയേറ്റയാള്‍ മരിച്ചത് മണിക്കൂറുകളോളം രക്തം വാര്‍ന്നതിനെ തുടര്‍ന്നെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്നലെ അഞ്ചരയോടെ വെടിയുതിര്‍ക്കാന്‍ മരത്തില്‍ കയറി പെട്ടെന്നുണ്ടായ മഴയില്‍ താഴെ വീണെന്നും കയ്യിലുണ്ടായ തോക്ക് അബദ്ധത്തില്‍ പൊട്ടിയെന്നുമാണ് പൊലീസ് നിഗമനം. വെടിയേറ്റ് മോഹനന്റെ കാല്‍മുട്ട് തകര്‍ന്നു.

രക്തം വാര്‍ന്ന് മണിക്കൂറുകളോളം വനത്തില്‍ കിടന്നു. കൂടെ ഉണ്ടായിരുന്നയാള്‍ ഒരു കിലോമീറ്ററോളം താഴേക്ക് വന്ന് ജനവാസമേഖലയിലെത്തി നിലവിളിച്ച് ആളെക്കൂട്ടുകയായിരുന്നു. നാട്ടുകാരും കരിക്കോട്ടക്കരി പൊലീസും ചേര്‍ന്ന് ദുര്‍ഘടമായ വഴിയിലൂടെ ഏറെ പ്രയാസപ്പെട്ടാണ് മോഹനനെ താഴെ എത്തിച്ചത്.

എന്നാല്‍ വെടിയേറ്റ് കിടന്നത് ഉള്‍വനത്തിലായതിനാല്‍ വളരെ വൈകിയാണ് ആശുപത്രിയില്‍ എത്തിക്കാനായത്. തുടര്‍ന്ന് കൂടെ ഉണ്ടായിരുന്ന ആളെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍ മറ്റ് ദുരൂഹതകളില്ലെന്നാണ് നിഗമനം.

Comments are closed.