ഇന്ന് കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെഎം മാണിയുടെ ഒന്നാം ചരമവാര്‍ഷികം ; അനുസ്മരണ പരിപാടികള്‍ ഒഴിവാക്കി

കോട്ടയം: ഇന്ന് കേരള കോണ്‍ഗ്രസ് എം അധ്യക്ഷന്‍ കെഎം മാണിയുടെ ഒന്നാം ചരമവാര്‍ഷികം. എന്നാല്‍ കൊവിഡ് വൈറസ് ബാധയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ അനുസ്മരണ പരിപാടികള്‍ ഒഴിവാക്കി കാരുണ്യപ്രവര്‍ത്തനങ്ങള്‍ നടത്തിയാണ് കേരള കോണ്‍ഗ്രസ് എം പ്രവര്‍ത്തകര്‍ ഓര്‍മദിനം ആചരിക്കുക.

അതേസമയം മാണിയോടുള്ള ആദരസൂചകമായി ഇന്ന് പ്രവര്‍ത്തകര്‍ കോവിഡ് സേവന പരിപാടികളില്‍ സജീവമാകുമെന്ന് ജോസഫ് വിഭാഗം വ്യക്തമാക്കി. ഏറ്റവും കൂടുതല്‍ കാലം നിയമസഭാംഗം ,ഒരേ മണ്ഡലത്തില്‍ നിന്ന് ഏറ്റവും കൂടുതല്‍ തവണ വിജയം, 13 തവണ ബജറ്റ് അവതരിപ്പിച്ച ധനമന്ത്രി, ഏറ്റവും കൂടുതല്‍ വര്‍ഷം മന്ത്രിയായ വ്യക്തി എന്നിങ്ങനെ കെഎം മാണിക്ക് വിശേഷണങ്ങള്‍ ഏറെയാണ്.

1965 മുതല്‍ ഒരിക്കല്‍ പോലും തോല്‍വിക്ക് വിട്ട് കൊടുക്കാതെ 13 തവണയാണ് പാലാക്കാര്‍ കെഎം മാണിയെ വിജയപ്പിച്ചത്. രാഷ്ട്രീയ ജീവിതത്തില്‍ നിരവധി വിവാദങ്ങളും മാണിക്കൊപ്പമുണ്ടായിരുന്നു. എന്നാല്‍ അതൊക്ക തരണം ചെയ്ത് എന്നും അണികള്‍ക്കിടയില്‍ കരുത്തനായി നിന്നു. കെഎം മാണിക്ക് മുന്‍പും പിന്‍പും എന്ന് കേരളാ രാഷ്ട്രീയവും കേരളാ കോണ്‍ഗ്രസ് ചരിത്രവും മാറ്റിയെഴുതപ്പെട്ടു.

കെഎം മാണിയുടെ മരണ ശേഷം പാല ആദ്യമായി പാര്‍ട്ടിക്ക് നഷ്ടമായി. ഇതോടെ കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിയും പിളര്‍ന്നു. അതേസമയം സംസ്ഥാനത്ത് വെളിച്ച വിപ്ലവത്തിന് തുടക്കമിട്ടത് കെഎം മാണി വൈദ്യുതി മന്ത്രിയായിരിക്കുമ്പോഴാണ്. കര്‍ഷക തൊഴിലാളി പെന്‍ഷന്‍ മുതല്‍ കാരുണ്യ ലോട്ടറി വരെ കെഎം മാണിയുടെ ജനപ്രിയ പദ്ധതികളായിരുന്നു.

Comments are closed.