ദില്ലിയില്‍ സുരക്ഷാ വസ്ത്രങ്ങളോ, അടിസ്ഥാന സൗകര്യമോ നഴ്‌സുമാര്‍ക്ക് നല്‍കുന്നില്ലെന്ന് പരാതി

ദില്ലി: ദില്ലിയില്‍ കൊവിഡ് ചികിത്സാ കേന്ദ്രമായ എല്‍ എന്‍ ജി പി ആശുപത്രിയില്‍ സുരക്ഷാ വസ്ത്രങ്ങളോ, അടിസ്ഥാന സൗകര്യമോ നഴ്‌സുമാര്‍ക്ക് നല്‍കുന്നില്ലെന്ന് പരാതി. ദില്ലിയില്‍ കൊവിഡ് ബാധിച്ച മലയാളി നഴ്‌സുമാര്‍ അടക്കം ദുരിതത്തിലാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നതിനു പിന്നാലെയാണ് രോഗികളെ പരിചരിക്കുന്ന നഴ്‌സുമാരും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഇല്ലാതെ ബുദ്ധിമുട്ടുന്നത്.

കൊവിഡ് ചികിത്സക്കായി പ്രത്യേക ആശുപത്രിയായി പ്രഖ്യാപിച്ചതിന് പിന്നാലെ 102 കൊവിഡ് രോഗികളും രോഗലക്ഷണമുള്ള 378 പേരും അടക്കം അഞ്ഞൂറിലധികം പേരാണ് ദില്ലിയിലെ എല്‍ എന്‍ ജി പി ആശുപത്രിയില്‍ ചികിത്സയുള്ളത്. എന്നാല്‍ ഡോക്ടര്‍മാരും നഴ്‌സുമാര്‍ക്കും പതിനാല് ദിവസത്തെ ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് ജോലി ചെയ്യുന്നത്.

ചികിത്സക്ക് എത്തുന്ന ഡോക്ടര്‍മാര്‍ക്ക് സ്വകാര്യ ആഡംബര ഹോട്ടലില്‍ താമസം ഒരുക്കിയപ്പോള്‍ ആശുപത്രിയിലെ ദന്തല്‍വിഭാഗം ലൈബ്രറിയിലാണ് നഴ്‌സുമാര്‍ താമസിക്കുന്നത്. തുടര്‍ന്ന് ഹാളില്‍ കട്ടിലുകള്‍ ഇട്ട് താല്‍ക്കാലിക സൗകര്യം മാത്രമാണ് നഴ്‌സുമാര്‍ക്കായി ഒരുക്കിയിട്ടുള്ളത്. സാമൂഹിക അകലം പാലിക്കാന്‍ പോലും ഇടമില്ലാത്ത മുറികള്‍, വൃത്തിയായ ശുചിമുറികളും ഇല്ല. 30 പേരാണ് ഒരു ഹാളില്‍ കഴിയുന്നത്. നിരവധി തവണ പരാതി പറഞ്ഞിട്ടും നടപടിയില്ലെന്ന് നഴ്‌സുമാര്‍ വ്യക്തമാക്കി.

Comments are closed.