വീടിന് മുന്നില്‍ കൂട്ടം കൂടി നിന്നവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ട നടന് ആള്‍ക്കൂട്ടമര്‍ദ്ദനം

കൊവിഡ് 19 വ്യാപനത്തെത്തുടര്‍ന്ന് ചെന്നൈ പനൈയൂരിലെ നടന്‍ റിയാസിന്റെ വീടിന് സമീപം കൂട്ടം കൂടി നിന്നവരോട് അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് ആള്‍ക്കൂട്ടത്തിന്റെ ഭീഷണിയും മര്‍ദ്ദനവുമെന്ന് പരാതി. മണി രത്‌നം സംവിധാനം ചെയ്യുന്ന ‘പൊന്നിയിന്‍ സെല്‍വനി’ല്‍ അഭിനയിക്കുന്ന റിയാസ് ഖാന്‍ കൊവിഡ് 19ന്റെ പശ്ചാത്തലത്തില്‍ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവയ്ക്കുകയും അതിനുശേഷം ചെന്നൈ പനൈയൂരിലെ വീട്ടില്‍ സെല്‍ഫ് ക്വാറന്റൈനില്‍ കഴിയുകയായിരുന്നു.

പ്രഭാതസവാരിക്ക് വീടിന് പുറത്തേക്കിറങ്ങിയ റിയാസ് മതിലിന് പുറത്ത് പത്തിലേറെപ്പേര്‍ കൂട്ടം കൂടി നിന്ന് സംസാരിക്കുന്നത് കണ്ട് അവരോട് സാമൂഹിക അകലം പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സംസാരിക്കുകയായിരുന്നു. എന്നാല്‍ ഇതിന് റിയാസ് ഖാനുമായി തര്‍ക്കമാരംഭിച്ച സംഘം അദ്ദേഹത്തെ മര്‍ദ്ദിച്ചെന്നും വധഭീഷണി മുഴക്കിയെന്നുമാണ് പരാതി. മര്‍ദ്ദനത്തില്‍ പരിക്കേറ്റ റിയാസ് സമീപത്തെ ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു. കൂടാതെ കാനത്തൂര്‍ പൊലീസ് സ്റ്റേഷനില്‍ പരാതിയും നല്‍കിയിരിക്കുകയാണ്.

Comments are closed.