ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ച് ഷെയ്ന്‍ വോണ്‍

സിഡ്നി: ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോ സെഷനില്‍ ഇന്ത്യന്‍ താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഐപിഎല്‍ ഇലവനെ പ്രഖ്യാപിച്ചിരിക്കുകയാണ് മുന്‍ ഓസ്ട്രേലിയന്‍ താരം ഷെയ്ന്‍ വോണ്‍. എന്നാല്‍ സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ടീമില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 2008ല്‍ പ്രഥമ ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് കിരീടം നേടുമ്പോള്‍ ഷെയ്ന്‍ വോണായിരുന്നു ക്യാപ്റ്റന്‍. അതിനാല്‍ തന്റെ മുന്‍ ടീമിലെ ചില കളിക്കാരെ അദ്ദേഹം ഇലവനില്‍ ഉള്‍പ്പെടുത്തി.

കൂടാതെ സുരേഷ് റെയ്‌ന, ഗൗതം ഗംഭീര്‍ എന്നിവരൊന്നും ടീമില്‍ ഉള്‍പ്പെട്ടിട്ടില്ല. മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയെയും വീരേന്ദര്‍ സെവാഗിനെയുമാണ് തന്റെ ഇലവനിലെ ഓപ്പണര്‍മാരായി വോണ്‍ തിരഞ്ഞെടുത്തത്. തുടര്‍ന്ന് റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ക്യാപ്റ്റന്‍ വിരാട് കോലി തന്റെ ഫേവറിറ്റ് പൊസിഷനായ മൂന്നാം നമ്പറിലും മുന്‍ ഓള്‍റൗണ്ട് വിസ്മയം യുവരാജ് സിങ് നാലാം നമ്പറിലും കളിക്കും. മുന്‍ രാജസ്ഥാന്‍ റോയല്‍സ് താരമായ യൂസഫ് പഠാനാണ് അഞ്ചാം നമ്പറിലുള്ളത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ് നായകന്‍ എംഎസ് ധോണിയാണ് വോണിന്റെ ഇലവനിലെ ഫിനിഷര്‍. ഓള്‍റൗണ്ടറുടെ റോളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തന്നെ രവീന്ദ്ര ജഡേജയും ഇലവനിലുണ്ട്. ജഡേജയും സിഎസ്‌കെയിലെ സഹതാരമായ ഹര്‍ഭജന്‍ സിങുമാണ് സ്പിന്‍ ബൗളിങ്. മുന്‍ രാജസ്ഥാന്‍ താരങ്ങളായ സിദ്ധാര്‍ഥ് ത്രിവേദി, മുനാഫ് പട്ടേല്‍ എന്നിവര്‍ക്കൊപ്പം സഹീര്‍ ഖാനും പേസ് ബൗളിങിനുണ്ടാവും.

ടീം : രോഹിത് ശര്‍മ, വീരേന്ദര്‍ സെവാഗ്, വിരാട് കോലി, യുവരാജ് സിങ്, യൂസഫ് പഠാന്‍, എംഎസ് ധോണി, രവീന്ദ്ര ജഡേജ, ഹര്‍ഭജന്‍ സിങ്, സിദ്ധാര്‍ഥ് ത്രിവേദി, മുനാഫ് പട്ടേല്‍, സഹീര്‍ ഖാന്‍.

Comments are closed.