ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒരാൾക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചു

കൊല്ലം: ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്ന ഒരാൾക്ക് കൂടി കൊവിഡ് 19 പോസിറ്റീവായി . നിലമേൽ കൈതോട് സ്വദേശിയായ 21 വയസുകാരനായ ഇദ്ദേഹം നേരത്തെ പോസിറ്റീവായ വ്യക്തിയുടെ മകനാണ്. അധികൃതരുമായി പങ്കുവച്ച വിവരമനുസരിച്ച് പിതാവ് തബ്‌ലിഗിൽ പങ്കെടുത്ത് വീട്ടിലെത്തിയ മാർച്ചിനു 23ന് ശേഷം ഇയാൾ അധികം യാത്ര ചെയ്തിട്ടില്ല. 24ന് വൈകിട്ട് 6.30 മുതൽ 6.45 വരെ തൊട്ടടുത്തുള്ള കൈതാേട് നൂറുൽ ഹുദാ മസ്ജിദിൽ നിസ്ക്കാരത്തിന് പോയി.

അവിടെ അഞ്ചാറ് പേരുണ്ടായിരുന്നു.മാർച്ച് 25 മുതൽ കർശനമായ ഗൃഹനിരീക്ഷണത്തിലാണ്. ഏപ്രിൽ 7-ാം തീയതി രോഗലക്ഷണങ്ങൾ പ്രകടമായപ്പോൾത്തന്നെ സാമ്പിൾ ശേഖരിച്ചു. ഇന്നലെ ലഭിച്ച റിപ്പോർട് പ്രകാരം പോസിറ്റീവായതോടെ വിദഗ്ദ്ധ പരിചരണത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇയാളുമായി ഇടപെട്ട പ്രൈമറി, സെക്കന്ററി കോണ്ടാക്റ്റുകൾ കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ വിശദമായ റൂട്ട് മാപ്പ് തയ്യാറാക്കിയിട്ടുണ്ട്. നിലവിൽ ജില്ലയിൽ പോസിറ്റീവായി പരിചരണത്തിലുള്ള എഴുപേരുടേയും ആരോഗ്യനില തൃപ്തികരമാണെന്നും കമ്യൂണിറ്റി വ്യാപനം ഉണ്ടായിട്ടില്ലെന്നും ജില്ലാ കലക്ടർ ബി അബ്ദുൽ നാസർ അറിയിച്ചു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.