മൊബൈൽ ആപ്പിലൂടെ അവശ്യസാധനങ്ങള്‍ ഇനി വീട്ട് മുറ്റത്തേക്ക്

കൊല്ലം: കോവിടുമായി ബന്ധപ്പെട്ട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ ഏറ്റെടുത്ത് വീട്ടിലിരിക്കുന്നവർക്ക് അവശ്യസാധനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍. അവശ്യസാധനങ്ങള്‍ വാങ്ങാന്‍ മൊബൈല്‍ ‘ആപ്പ്’ ലൂടെ സൗകര്യമൊരുക്കി കൊല്ലം ജില്ലാ ഭരണകൂടം . ഡോര്‍ ടൂ ഡോര്‍ എന്ന് പേരിട്ടിരിക്കുന്ന മൊബൈല്‍ ആപ്പിലൂടെ ആവശ്യമായ സാധനങ്ങള്‍ ഓര്‍ഡര്‍ ചെയ്താല്‍ മാത്രം മതിയാവും. സാധനം നിങ്ങളുടെ വീട്ടുമുറ്റത്ത് എത്തും.

ജില്ലയിലെ പ്രമുഖ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ നിന്നും നിങ്ങള്‍ക്ക് ആവശ്യമുള്ള സാധനങ്ങള്‍ മൊബൈല്‍ ആപ്പില്‍ രേഖപ്പെടുത്തുവാനും ലിസ്റ്റ് എഴുതി ഫോട്ടോയെടുത്ത് നല്‍കാനും സൗകര്യമുണ്ട്. സാധനം ലഭിച്ച ശേഷം മാത്രം ബില്‍തുക നല്‍കിയാല്‍ മതിയാകും. സാധനങ്ങള്‍ സുരക്ഷിതമായി എത്തിക്കുന്നതിന് ഡെലിവറി ബോയ്‌സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ലോക്ക് ഡൗണ്‍ കാലത്ത് പൊതുജനങ്ങളുടെ പുറത്തേക്കുള്ള സഞ്ചാരം ഒഴിവാക്കി സാധനങ്ങള്‍ വാങ്ങുന്നതിനും മികച്ച സേവനം ലഭ്യമാക്കുന്നതിനും ഈ ആപ്പ് ഉപയോഗപ്പെടുത്താവുന്നതാണ്. ഈ ആപ്പ് പ്ലേ സ്റ്റോറില്‍ നിന്നും, ക്യു ആര്‍ കോഡ് വഴിയും ഡൗണ്‍ ലോഡ് ചെയ്യാവുന്നതാണ്.

കെ എ മുഹമ്മദ് റാഫി, ബോബി സെബാസ്റ്റ്യന്‍, പി എസ് വിഷ്ണു എന്നിവരടങ്ങിയ സംഘം നിര്‍മിച്ച ആപ്പ് കൊല്ലം ജില്ലാ കളക്ടർ ബി അബ്ദുൽ നാസർ ആദ്യ ഓർഡർ നൽകി ഉൽഘാടനം ചെയ്തു. ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണ്‍ തുടങ്ങിയവയുടെ വിവരങ്ങള്‍, ആംബുലന്‍സ് സൗകര്യം, അവശ്യ മരുന്നുകള്‍ എന്നീ സേവനങ്ങളും ഈ ആപ്പില്‍ ലഭ്യമാണ്. സേവനങ്ങള്‍ വാട്ട്‌സ് ആപ്പ് വഴിയും ആവശ്യപ്പെടാവുന്നതാണ്.
വാട്ട്‌സ് ആപ് നമ്പര്‍ – 6282864636, 9074141702.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.