ഡീസല്‍ പതിപ്പിലും ഓട്ടോമാറ്റിക് ഗിയര്‍ബോക്സ് അവതരിപ്പിക്കാനൊരുങ്ങി എംജി ഹെക്ടര്‍

ഹെക്‌ടർ എസ്‌യുവിയുടെ ഡീസൽ പതിപ്പിനെ ബിഎസ്-VI മലിനീകരണ മാനദണ്ഡങ്ങൾക്ക് അനുസൃതമായി പരിഷ്ക്കരിച്ചതിനു പിന്നാലെ ഓട്ടോമാറ്റിക് വകഭേദവും ഉടൻ എത്തുമെന്ന് പ്രഖ്യാപിച്ച് എംജി മോട്ടോർസ്. ഡീസൽ പതിപ്പിലും ഓട്ടോമാറ്റിക് ഗിയർബോക്‌സ് അവതരിപ്പിക്കാൻ തയാറെടുക്കുകയാണെന്ന് ട്വിറ്ററിലൂടെയാണ് ബ്രാൻഡ് സ്ഥിരീകരിച്ചത്. ഇതിനകം തന്നെ സവിശേഷതകളാൽ സമ്പന്നമായ ഹെക്‌ടറിൽ ഡ്യുവൽ ക്ലച്ച് ട്രാൻസ്മിഷൻ (DCT) കൂട്ടിച്ചേർക്കുന്നതിനു പുറമെ മറ്റ് നവീകരണങ്ങളൊന്നും ഉണ്ടാകില്ല.

ബിഎസ്-VI ഹെക്ടർ ഡീസൽ വിലയേക്കാൾ ഒരു ലക്ഷം രൂപ അധികം മുടക്കേണ്ടി വരും ഹെക്‌ടർ ഡീസൽ-ഡിസിടി പതിപ്പിന് ഈ ശ്രേണിക്ക് ഇപ്പോൾ 13.88 ലക്ഷം മുതൽ 17.72 ലക്ഷം രൂപ വരെയാണ് എക്‌സ്ഷോറൂം വില. എസ്‌യുവിയുടെ ഡീസൽ ഓട്ടോമാറ്റിക്കിന് ഏകദേശം 17.5 ലക്ഷം മുതൽ 19 ലക്ഷം രൂപ വരെ എക്സ്ഷോറൂം വില പ്രതീക്ഷിക്കാം.

ഫിയറ്റിൽ നിന്ന് കടമെടുത്ത 2.0 ലിറ്റർ ഡീസൽ എഞ്ചിൻ 170 bhp കരുത്തും 350 Nm torque ഉം തന്നെ ഓട്ടോമാറ്റിക് മോഡലിലും ഉത്പാദിപ്പിക്കും. ഗിയർബോക്‌സ് ഉൾപ്പെടുത്തലിന് പുറമെ മറ്റ് മാറ്റങ്ങളൊന്നും ജനപ്രിയ മിഡ്-സൈസ് എസ്‌യുവിയിൽ കമ്പനി അവതരിപ്പിക്കുന്നില്ല.

കഴിഞ്ഞ വർഷമാണ് ചൈനീസ് ഉടമസ്ഥതയിലുള്ള ബ്രിട്ടീഷ് ബ്രാൻഡ് ഇന്ത്യൻ വിപണിയിൽ ഹെക്‌ടർ എസ്‌യുവിയുമായി ചുവടുവെക്കുന്നത്. തുടർന്ന് പ്രതിമാസം ശരാശരി 2,500 യൂണിറ്റുകൾ വിറ്റഴിക്കാനും ബ്രാൻഡിന് സാധിക്കുന്നത് ശ്രദ്ധേയമാണ്. എങ്കിലും രാജ്യത്ത് പെട്രോൾ ഹെക്‌ടറിനോട് തന്നെയാണ് ഉപഭോക്താക്കൾക്ക് പ്രിയം.

ഇന്റർനെറ്റ് കണക്റ്റിവിറ്റി വാഗ്‌ദാനം ചെയ്‌ത ഇന്ത്യയിലെ ആദ്യ വാഹനമാണ് എംജി ഹെക്‌ടർ. കൂടാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ പ്രവർത്തിക്കുന്ന നിരവധി ഫീച്ചറുകളും എംജി ഉൾപ്പെടുത്തിയിരിക്കുന്നു. ആൻഡ്രോയിഡ് ഓട്ടോ, ആപ്പിൾ കാർപ്ലേ എന്നിവ പിന്തുണക്കുന്ന വലിയ 10.25 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയിൻമെന്റ് സിസ്റ്റം ബ്രിട്ടീഷ് കാറിന്റെ അകത്തളത്തെ ആകർഷകമാക്കുന്നു.

അഞ്ച് സീറ്റർ മിഡ്-സൈസ് എസ്‌യുവിയായ ഹെക്‌ടറിനെ അടിസ്ഥാനമാക്കിയുള്ള ആറ് സീറ്റർ മോഡലനെയും എംജി ഉടൻ ആഭ്യന്തര വിപണിയിൽ അവതരിപ്പിക്കും. അധിക മൂന്നാംവരി മാറ്റി നിർത്തിയാൽ ഹെക്‌ടർ പ്ലസ് എന്ന് പേരിട്ടിരിക്കുന്ന മോഡലിന് യാതൊരു മാറ്റവും കണ്ടുപിടിക്കാനില്ല.

Comments are closed.