ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറെ ജാഗ്രതയോടെ വേണം പിന്‍വലിക്കാനെന്ന് ലോകാരോഗ്യ സംഘടന

ജനീവ : കോവിഡ് പടരുന്ന സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏറെ ജാഗ്രതയോടെ വേണം പിന്‍വലിക്കാനെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കുന്നു. നിയന്ത്രണങ്ങള്‍ മാറ്റുമ്പോള്‍ ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ശരിയായി കൈകാര്യം ചെയ്തില്ലെങ്കില്‍ മറ്റൊരു അപകടത്തിലേക്കാകും കാര്യങ്ങള്‍ നീളുക. നിയന്ത്രണം മാറ്റുമ്പോള്‍ വൈറസ് മാരകമായ ഒരു പുനരുജ്ജീവനത്തിലേക്ക് നയിച്ചേക്കാം.

കടുത്ത പ്രതിസന്ധിയിലായി പോയ ഇറ്റലിയിലും സ്പെയിനിലും ഫ്രാന്‍സിലും ജര്‍മ്മനിയിലും രോഗവ്യാപനം മന്ദഗതിയില്‍ ആയത് പ്രതീക്ഷയാണെങ്കിലും ആഫ്രിക്കയിലെ 16 രാജ്യങ്ങളില്‍ രോഗം ഭയപ്പെടുത്തുന്ന വേഗത്തിലാണ് വ്യാപിക്കുന്നത്. ആരോഗ്യ സംരക്ഷണ സംവിധാനങ്ങളുടെ അഭാവമുള്ള ആഫ്രിക്കന്‍ രാജ്യങ്ങളിലെ അപകടകരമായ രീതിയിലുള്ള വ്യാപനം ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്നും ഡയറക്ടര്‍ ജനറല്‍ ട്രെഡോസ് അധനോം ഘെബ്രീസ്യസ് നല്‍കുന്ന മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

കൂടാതെ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിച്ചിരിക്കുന്നതും പ്രശ്നമാണ്. ചില രാജ്യങ്ങളില്‍ 10 ശതമാനത്തോളം പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്. രോഗികളുമായി ഏറെ നേരം സമ്പര്‍ക്കം പുലര്‍ത്തേണ്ടി വരുന്നതും അനുഭവ പരിചയത്തിന്റെ കുറവുമാണ് പ്രധാന കാരണം. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം ബാധിക്കുന്നത് എല്ലാവരേയും അപകടത്തിലാക്കുമെന്നും മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

Comments are closed.