വീടുകളില്‍ ഭക്ഷണം എത്തിക്കുന്നതിന്റെ മറവില്‍ മദ്യം വില്‍പ്പന : ഫുഡ് ഡെലിവറി ജീവനക്കാരന്‍ അറസ്റ്റിലായി

ബെംഗളൂരു: ബെംഗളൂരുവിലെ ദൊഡ്ഡദൊഗരുവില്‍ വീടുകളില്‍ ഭക്ഷണം എത്തിച്ചു നല്‍കുന്നതിന്റെ മറവില്‍ മദ്യം വില്‍പ്പന നടത്തിവന്ന ഫുഡ് ഡെലിവറി ജീവനക്കാരന്‍ അറസ്റ്റിലായി. വ്യാഴാഴ്ച രാത്രി സോമശേഖരപാളയയിലെ ഒരു വീട്ടില്‍ മദ്യമെത്തിക്കുന്നതിനിടെയാണ് ഇരുപത്തി ഒമ്പതുകാരനായ ജയ്പാലിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഒരു ഭക്ഷണവിതരണ സ്ഥാപനത്തിന്റെ ടീ ഷര്‍ട്ട് അണിഞ്ഞ ഇയാള്‍ മറ്റൊരു സ്ഥാപനത്തിന്റെ പേരിലുള്ള ബാഗിലാണ് ഭക്ഷണമെത്തിച്ചത്. ഇതില്‍ സംശയം തോന്നിയ പൊലീസ് ജയപാലിനെ പരിശോധിച്ചിരുന്നു. ഇയാളുടെ ബാഗില്‍ നിന്ന് 90 മില്ലിലിറ്ററിന്റെ മൂന്ന് ടെട്രാപാക്ക് വിദേശമദ്യം കണ്ടെത്തുകയായിരുന്നു. ഇയാളുടെ സുഹൃത്താണ് ഡെലിവറി ബോയിയായി ഭക്ഷണ വിതരണ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തത്.

ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ ഫോണില്‍ വിളിച്ച് മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കും. ആവശ്യപ്പെടുന്നവര്‍ക്ക് ഭക്ഷണത്തോടൊപ്പം മദ്യവും ഇയാള്‍ എത്തിച്ചു നല്‍കുമായിരുന്നുവെന്നും കൂടാതെ നാലിരട്ടി വിലയാണ് ജയപാല്‍ മദ്യത്തിന് ഈടാക്കിയിരുന്നതെന്നും പൊലീസ് പറഞ്ഞു. ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളും സുഹൃത്തുക്കളും വന്‍തോതില്‍ മദ്യം ശേഖരിച്ചുവെന്നാണ് പൊലീസ് കണ്ടെത്തിയത്. തുടര്‍ന്ന് ജയപാലിന്റെ രണ്ട് സുഹൃത്തുക്കളെയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിരിക്കുകയാണ്.

Comments are closed.