ധോണിയേപ്പോലൊരു താരത്തെ നിര്‍ബന്ധിച്ച് വിരമിപ്പിക്കുന്നത് ശരിയല്ലെന്ന് നാസര്‍ ഹുസൈന്‍

മുംബൈ : ക്യാപ്റ്റന്‍ മഹേന്ദ്രസിങ് ധോണിയേപ്പോലൊരു താരത്തെ നിര്‍ബന്ധിച്ച് വിരമിപ്പിക്കുന്നത് ശരിയല്ലെന്ന് ആരാധകര്‍ക്ക് മുന്നറിയിപ്പുമായി മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റനും കമന്റേറ്ററുമായ നാസര്‍ ഹുഹൈന്‍ രംഗത്തെത്തി. ഒരിക്കല്‍ പോയിക്കഴിഞ്ഞാല്‍ ധോണിയെ പിന്നീട് എത്ര ആഗ്രഹിച്ചാലും ദേശീയ ടീമില്‍ വീണ്ടും കാണാനാകില്ലെന്നും അദ്ദേഹം പറയുകയാണ്.

‘ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കളിക്കാനുള്ള മികവ് ഇപ്പോഴും ധോണിക്കുണ്ടോ? അതു മാത്രമാണ് പ്രധാനം. എല്ലാ താരങ്ങളുടെയും കാര്യത്തില്‍ ടീമിലെത്താനുള്ള മാനദണ്ഡവും അതുതന്നെയല്ലേ? എന്റെ കണക്കുകൂട്ടല്‍ ശരിയാണെങ്കില്‍ ഇനിയും ഇന്ത്യന്‍ ക്രിക്കറ്റിനായി ഒരുപാടു കാര്യങ്ങള്‍ ചെയ്യാന്‍ ധോണിക്കാകും. ശരിയാണ്, ചിലപ്പോള്‍ ഒന്നോ രണ്ടോ മത്സരങ്ങളില്‍ റണ്‍ചേസിങ്ങില്‍ ധോണിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയിട്ടുണ്ടാകാം. ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരം തന്നെ ഉദാഹരണം. എങ്കിലും ഇപ്പോഴും ധോണി പ്രതിഭയുള്ള താരം തന്നെയാണ്.

മാത്രമല്ല, ധോണി വിരമിക്കണമെന്ന് ആവര്‍ത്തിച്ച് ആവശ്യപ്പെടുമ്പോള്‍ നിങ്ങള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം കൂടിയുണ്ട്. ഒരിക്കല്‍ വിരമിച്ചു പോയിക്കഴിഞ്ഞാല്‍, എത്ര ആഗ്രഹിച്ചാലും അദ്ദേഹത്തെ തിരികെ കിട്ടില്ല. ഒരു തലമുറയില്‍ അപൂര്‍വമായി മാത്രം പിറക്കുന്ന ചില താരങ്ങളുണ്ട്. ധോണി അവരിലൊരാളാണ്. ദയവുചെയ്ത് അദ്ദേഹത്തെ അകാല വിരമിക്കലിലേക്ക് തള്ളിവിടരുത്. തന്റെ ഇപ്പോഴത്തെ അവസ്ഥ ധോണിക്കു മാത്രമേ അറിയൂ. ബാക്കി സിലക്ടര്‍മാര്‍ക്കും വീടൂ’ നാസര്‍ ഹുസൈന്‍ വ്യക്തമാക്കി.

Comments are closed.