സംസ്ഥാനത്ത് ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് നാളെ ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക് ഡൗണ്‍ ഇളവ് നല്‍കുന്നതിനെക്കുറിച്ച് നാളെ ചേരുന്ന മന്ത്രിസഭാ യോഗത്തില്‍ ചര്‍ച്ച ചെയ്യുന്നതാണ്. എന്നാല്‍ കേന്ദ്രത്തിന്റെ തീരുമാനംകൂടി അറിഞ്ഞതിനു ശേഷം മാത്രമാണ് കേരളം നടപടികള്‍ സ്വീകരിക്കുന്നത്.

അതേസമയം കൊവിഡ് തീവ്രമായി ബാധിച്ച ജില്ലകള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഇളവ് വേണമെന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലും മുഖ്യമന്ത്രി അറിയിച്ചിരുന്നു. ഇന്നലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ ചര്‍ച്ചയില്‍ ലോക്ക് ഡൗണ്‍ രണ്ടാഴ്ചത്തേക്ക് കൂടി നീട്ടാന്‍ ധാരണയായിരുന്നു. കൂടുതല്‍ ഇളവുകളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് ധാരണയായത്.

അതേസമയം ദേശീയ ലോക്ക് ഡൗണ്‍ നീട്ടുന്നതില്‍ കേന്ദ്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. കൂടാതെ കാര്‍ഷിക മേഖലയ്ക്കും നിര്‍മ്മാണ മേഖലയ്ക്കും ഇളവ് പ്രഖ്യാപിച്ചേക്കാം. തുടര്‍ന്ന് സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനവും ഭാഗികമായി വീണ്ടും തുടങ്ങും. മന്ത്രിമാരോട് ഓഫീസുകളില്‍ പ്രവര്‍ത്തനം തുടങ്ങാന്‍ നിര്‍ദ്ദേശം നല്‍കുമെന്ന സൂചനയുണ്ട്. പ്രധാനമന്ത്രിയുടെ അഭിസംബോധന എപ്പോഴുണ്ടാകുമെന്നും ഇന്ന് അറിയാം.

Comments are closed.