യു എ ഇ-യില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം ഐപിഎ

ദുബൈ: കൊവിഡ് 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ യു എ ഇ-യില്‍ കുടുങ്ങിയ ഇന്ത്യന്‍ പ്രവാസികളെ നാട്ടിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ദുബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ബിസിനസുകാരുടെ നെറ്റ്വര്‍ക്ക് -ഐപിഎ സുപ്രീം കോടതിയില്‍ റിട്ട് ഹര്‍ജി ഫയല്‍ ചെയ്തു. തുടര്‍ന്ന് ഇന്ത്യന്‍ സര്‍ക്കാര്‍ യാത്ര വിലക്ക് ഏര്‍പ്പെടുത്തിയതിനാല്‍ നിരവധി ഇന്ത്യക്കാരായ സന്ദര്‍ശക വിസക്കാരും രോഗികളും നാട്ടിലെത്താനാകാതെ പ്രയാസപ്പെടുകയാണ്.

അതേസമയം സ്വന്തം പൗരന്മാരെ നാട്ടിലേക്ക് വരുന്നത് വിലക്കിയതിലൂടെ തുല്യതയ്ക്കും ആരോഗ്യ – പരിരക്ഷക്കുമുള്ള ഭരണഘടന സ്വാതന്ത്രൃം നിഷേധിക്കപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ ഇന്ത്യക്കാര്‍ക്ക് സ്വന്തം രാജ്യത്തേക്ക് തിരിച്ചുവരാനുള്ള മൗലീകാവകാശം ഹനിക്കപ്പെട്ടുവെന്ന് കാണിച്ചാണ് ഐപിഎ- റിട്ട് ഹര്‍ജി ഫയല്‍ ചെയ്തത്. അതിനായി ചെയര്‍മാന്‍ ഷംസുദ്ധീന്‍ നെല്ലറയാണ് ഐപിഎ യുടെ പേരില്‍ സുപ്രീം കോടതിയെ സമീപിച്ചത്.

തുടര്‍ന്ന് ഇന്ത്യന്‍ പ്രവാസികള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ക്ക് ഉടനടി പരിഹാരം കാണണമെന്നും ആവശ്യമായ നടപടിക്രമങ്ങളും യാത്ര സൗകര്യങ്ങളും ഏറ്റവും വേഗത്തില്‍ തന്നെ ഇന്ത്യന്‍ സര്‍ക്കാര്‍ ഒരുക്കണമെന്നും ഹര്‍ജിയില്‍ പറയുന്നുണ്ട്. പ്രമുഖ സുപ്രീം കോടതി അഭിഭാഷകന്‍ പിവി ദിനേശ് മുഖന്തരമാണ് ഹര്‍ജി ഫയല്‍ ചെയ്തിക്കുന്നത്.

വിദേശകാര്യ വകുപ്പ്, ഇന്ത്യന്‍ വ്യോമയാന വകുപ്പ് എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് ഹര്‍ജി നല്‍കിയത്. കൂടാതെ ലേബര്‍ ക്യാമ്പുകളിലടക്കം പ്രയാസങ്ങള്‍ അനുഭവിക്കുന്ന ഇന്ത്യക്കാരെ ഏറ്റവും വേഗത്തില്‍ തിരിച്ചെത്തിക്കാന്‍ കോടതി ഇടപെടണമെന്നും ഹര്‍ജിയില്‍ പറയുന്നു. അതേസമയം ഇന്ത്യക്കാരായവരെ നാട്ടിലേക്ക് എത്തിക്കാന്‍ യുഎഇ വിമാന കമ്പനികള്‍, പല തവണ സന്നദ്ധ അറിയിച്ചിട്ടും കേന്ദ്ര സര്‍ക്കാര്‍ അതിന് അനുമതി നല്‍കിയില്ല.

Comments are closed.