നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ അറസ്റ്റിലായി

ചെന്നൈ: ചെന്നൈയിലെ വീടിനു മുമ്പിലൂടെ കൂട്ടംചേര്‍ന്ന് പോയവരോട് സാമൂഹിക അകലം പാലിക്കാന്‍ ആവശ്യപ്പെട്ടതിന്റെ പേരില്‍ നടന്‍ റിയാസ് ഖാനെ മര്‍ദ്ദിച്ച അഞ്ച് പേര്‍ അറസ്റ്റിലായി. സ്ത്രീകള്‍ ഉള്‌പ്പെടെ പന്ത്രണ്ടോളം പേര്‍ വീടിനു സമീപത്തു കൂടി കൂട്ടം ചേര്‍ന്ന് പോകുന്നത് കണ്ട് ചെന്നൈ പനയൂരിലെ വീടിന് പുറത്തേക്ക് ഇറങ്ങി ചെന്ന് നടന്‍ സാമൂഹിക അകലത്തിന്റെ പ്രധാന്യത്തെക്കുറിച്ച് വിശദീകരിക്കാന്‍ ശ്രമിക്കുകയായിരുന്നു.

കൂട്ടം കൂടി നടന്നാല്‍ കൊവിഡ് പകരാന്‍ സാധ്യതയുണ്ടെന്ന് പറഞ്ഞു. കൊവിഡ് പകരില്ലെന്ന് പറഞ്ഞ് തര്‍ക്കമായി. എന്നാല്‍ കാര്യങ്ങള്‍ പറഞ്ഞ് മനസിലാക്കാന്‍ ശ്രമിക്കുന്നതിനിടെ കൂട്ടത്തിലൊരാള്‍ റിയാസ്ഖാനെ കയറി അടിച്ചു. എന്നാല്‍ തല ലക്ഷ്യം വച്ചായിരുന്നു അടിയെങ്കിലും ഒഴിഞ്ഞുമാറിയതിനാല്‍ ചുമലിലാണ് മര്‍ദനമേറ്റത്.

ഇതോടെ അയല്‍വാസികളിലൊരാള്‍ പൊലീസില്‍ വിവരം അറിയിക്കുകയും തുടര്‍ന്ന് പൊലീസെത്തി നടനെ ആശുപത്രിയിലാക്കി. അഞ്ച് പേരെ അറസ്റ്റ് ചെയ്‌തെങ്കിലും കുറ്റക്കാര്‍ക്ക് എതിരെ നടപടി വേണ്ടെന്ന് റിയാസ് ഖാന്‍ പൊലീസിനോട് അഭ്യര്‍ത്ഥിക്കുകയായിരുന്നു. തുടര്‍ന്ന് അക്രമത്തിന്റെ പശ്ചാത്തലത്തില്‍ മേഖലയില്‍ പെട്രോളിങ്ങ് ശക്തമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Comments are closed.