ക്വിഡ് ഇലക്ട്രിക്ക് ഉടന്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റെനോ

വരും വര്‍ഷങ്ങള്‍ വാഹന വിപണിയില്‍ ഇലക്ട്രിക്ക് വാഹനങ്ങളാകും നിറസാന്നിധ്യം എന്ന് മനസ്സിലാക്കിയ റെനേ ഇപ്പോള്‍ ഇലക്ട്രിക്ക് മോഡലുകളുടെ പിന്നാലെയാണ്. 2020 ഓട്ടോ എക്‌സ്‌പോ അതിന് സാക്ഷ്യം വഹിക്കുകയും ചെയ്തതാണ്.

ഓട്ടോ എക്‌സ്‌പോയില്‍ സോയി, ക്വിഡ് എന്നീ മോഡലുകളുടെ ഇലക്ട്രിക്ക് മോഡലുകളെ ഫ്രഞ്ച് നിര്‍മ്മാതാക്കള്‍ പ്രദര്‍ശിപ്പിച്ചു. അധികം വൈകാതെ തന്നെ ക്വിഡ് ഇലക്ട്രിക്ക് ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ഫ്രഞ്ച് തറവാട്ടില്‍ നിന്നും മറ്റൊരു അതിഥി കൂടി വിപണിയിലേക്ക് എത്താന്‍ ഒരുങ്ങുന്നത്. 2020 ഒക്ടോബറില്‍ നടക്കുന്ന പാരീസ് മോട്ടോര്‍ ഷോയില്‍ വാഹനത്തെ കമ്പനി അവതരിപ്പിച്ചേക്കും.

ഇതൊരു ഇലക്ട്രിക്ക് ക്രോസ് ഓവര്‍ കണ്‍സെപ്റ്റ് മോഡലാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നുത്. വാഹനം സംബന്ധിച്ച് ഏതാനും വിവരങ്ങളും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. CMF-EV പ്ലാറ്റ് ഫോമിലാകും വാഹനത്തിന്റെ നിര്‍മ്മാണം.

റെനോയുടെ എസ്‌യുവി മോഡലായ ക്യാപ്ച്ചറുമായി സാദൃശ്യമുള്ള വാഹനമായിരിക്കും ഇലക്ട്രിക്ക് ക്രോസ് ഓവര്‍. 4.2 മീറ്ററായിരിക്കും ഈ വാഹനത്തിന്റെ നീളം. അതേസമയം, വാഹനം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കമ്പനി വെളിപ്പെടുത്തിയിട്ടില്ല.

നിലവില്‍ കോംപാക്ട് എസ്‌യുവി ശ്രേണിയിലേക്ക് പുതിയൊരു വാഹനത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് റെനോ. HBC എന്ന കോഡ് നാമത്തിലാണ് വാഹനത്തിന്റെ നിര്‍മ്മാണം. വിപണിയില്‍ എത്തിയാല്‍ കിഗര്‍ എന്നായിരിക്കും വാഹനത്തിന്റെ പേരെന്നും സൂചനയുണ്ട്.

2020 ജൂലൈ മാസത്തോടെ വാഹനത്തെ വിപണിയില്‍ എത്തിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. മാരുതി വിറ്റാര ബ്രെസ, ടാറ്റ നെക്സോണ്‍, ഫോര്‍ഡ് ഇക്കോസ്പോര്‍ട്, ഹ്യുണ്ടായി വെന്യു, മഹീന്ദ്ര XUV300 എന്നിവരാണ് ഈ പുതിയ വാഹനത്തിന്റെ എതിരാളികള്‍.

Comments are closed.