സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതായിരുന്നു. ഒരാഴ്ചക്കിടെ രോഗം ബാധിച്ചവരിക്കാള്‍ ഇരട്ടി പേര് രോഗമുക്തരായി. 24 മണിക്കൂറിനിടെ 6549 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കാനും സാധിച്ചു.

അതിനാല്‍ കൊവിഡ് ബാധയുടെ സ്ഥിതി വിവര കണക്കില്‍ കേരളത്തിന് ഏറ്റവും ആശ്വാസം നല്‍കുന്ന ദിവസമാണ് ഇന്ന്. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന 2 പേര്‍ അടക്കം) മലപ്പുറം ജില്ലയിലെ 6 പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്.

ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. 179 പേരാണ് ഇതുവരെ കൊവിഡില്‍ നിന്നും രോഗമുക്തരായത്. അതേസമയം വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്. ഇവരില്‍ 1,16,125 പേര്‍ വീടുകളിലും 816 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 176 പേരെയാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

രോഗലക്ഷണങ്ങള്‍ ഉള്ള 14,989 വ്യക്തികളുടെ സാമ്പിള്‍ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതില്‍ ലഭ്യമായ 13,802 സാമ്പിളുകളുടെ പരിശോധനാ ഫലം നെഗറ്റിവാണ്. ലോക്ക് ഡൗണ്‍ അടക്കമുള്ള നിയന്ത്രണങ്ങളില്‍ നിര്‍ണ്ണായക തീരുമാനം ചര്‍ച്ച ചെയ്യാന്‍ നാളെ മന്ത്രിസഭാ യോഗം ചേരും. കേന്ദ്ര തീരുമാനം പ്രഖ്യാപിച്ച ശേഷം ഇളവുകള്‍ വേണമെങ്കില്‍ അത് എങ്ങനെ നടപ്പാക്കണമെന്ന് ആലോചിക്കാമെന്നാണ് സംസ്ഥാന സര്‍ക്കാര്‍ പറയുന്നത്.

Comments are closed.