കൊവിഡിനെത്തുടര്‍ന്നുള്ള ലോക്ക് ഡൗണിലെ ഇളവുകളെ കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: കൊവിഡിനെത്തുടര്‍ന്നുള്ള ലോക്ക് ഡൗണിലെ ഇളവുകളെ കുറിച്ച് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്യും. എന്നാല്‍ തീവ്രബാധിതപ്രദേശങ്ങള്‍ അല്ലാത്ത ജില്ലകളിലാകും ഇളവുകള്‍ നല്‍കുക. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തില്‍ നിലവില്‍ രോഗം നിയന്ത്രണ വിധേയമാണെന്നാലും ഇളവുകള്‍ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ.

അതേസമയം കേന്ദ്രത്തിന്റെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക. എന്നാലും കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നേക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും. എന്നാല്‍ ലോക്ക് ഡൗണില്‍ നേരത്തെ പ്രഖ്യാപിച്ച ഇളവുകള്‍ ഇന്നു നിലവില്‍ വരും.

ഒപ്റ്റിക്കല്‍സ്, ഫ്രിഡ്ജ്, വാഷിംഗ് മെഷീന്‍, മിക്‌സി റിപ്പയറിംഗ് എന്നീ കടകള്‍ ഇന്ന് തുറന്നു പ്രവര്‍ത്തിക്കും. രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ച് വരെയാണ് പ്രവര്‍ത്തന സമയം. നാളെ ബുക്ക് ഷോപ്പുകള്‍ തുറക്കും. ബാര്‍ബര്‍ ഷോപ്പുകള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതില്‍ ഇന്ന് സര്‍ക്കാര്‍ തീരുമാനമെടുത്തേക്കും.

സംസ്ഥാനത്ത് ഇതുവരെ 375 കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. അതില്‍ 179 പേരും ഇതിനോടകം രോഗമുക്തി നേടി. ഇനി 194 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്. കോട്ടയം,ഇടുക്കി ജില്ലകളില്‍ നിലവില്‍ കൊവിഡ് രോഗികളില്ല. തിരുവനന്തപുരം, ആലപ്പുഴ, വയനാട്, പാലക്കാട് ജില്ലകളില്‍ അഞ്ചില്‍ താഴെ കൊവിഡ് രോഗികള്‍ മാത്രമാണുള്ളത്.

Comments are closed.