അന്തരീക്ഷ മലിനീകരണം : കൊറോണ വൈറസ് മരണ സാധ്യത വര്‍ദ്ധിക്കും

അന്തരീക്ഷ മലിനീകരണം കൂടുതലുള്ള പ്രദേശങ്ങളില്‍ താമസിക്കുന്നത് കൊറോണ വൈറസ് മരണ സാധ്യത വര്‍ദ്ധിക്കുന്നതുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അമേരിക്കയില്‍ നടത്തിയ ഒരു പഠനം കണ്ടെത്തി.

ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി ടി.എച്ച്.ചാന്‍ സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിലെ ഗവേകര്‍ ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. അന്തരീക്ഷ മലിനീകരണം വര്‍ധിച്ച സ്ഥലങ്ങളിലുള്ള കൊവിഡ് 19 രോഗികളില്‍ കൊറോണ വൈറസ് മാരകമാകുമെന്നാണ് ഇവര്‍ പഠനത്തില്‍ പറയുന്നത്.

അമേരിക്കയില്‍ ഉടനീളമുള്ള മൂവായിരത്തിലധികം സ്ഥലങ്ങള്‍ ഇവര്‍ പരിശോധിച്ചു. ഓരോ പ്രദേശത്തും കൊറോണ വൈറസ് മരണസംഖ്യകളുമായി അവിടങ്ങളിലെ വായു മലിനീകരണത്തിന്റെ അളവ് താരതമ്യം ചെയ്തു. ജനസംഖ്യാവലിപ്പം, കോവിഡ് 19 ബാധിച്ച ആളുകളുടെ എണ്ണം, കാലാവസ്ഥ, രോഗികളുടെ ആരോഗ്യം, അമിതവണ്ണം, പുകവലി തുടങ്ങിയ വസ്തുതകളും ഗവേഷകര്‍ ക്രമീകരിച്ചു.

കാറുകള്‍, റിഫൈനറികള്‍, ഊര്‍ജ്ജ നിലയങ്ങള്‍ എന്നിവയില്‍ നിന്നുള്ള ഇന്ധനം പുറംതള്ളുന്നതു മൂലമുള്ള വായുവുമായുള്ള ദീര്‍ഘകാല എക്‌സ്‌പോഷര്‍ തമ്മിലുള്ള ബന്ധം ആദ്യമായി പരിശോധിച്ചതാണ് ഗവേഷകര്‍. വായുവില്‍ താല്‍ക്കാലികമായി നിലനില്‍ക്കുന്ന എല്ലാ ഖര ദ്രാവക കണങ്ങളുടെയും ആകെത്തുകയാണ് പര്‍ട്ടിക്കുലേറ്റ് മാറ്റര്‍.

ഈ സങ്കീര്‍ണ്ണ മിശ്രിതത്തില്‍ പൊടി, മണം, പുക, ദ്രാവകത്തുള്ളികള്‍ എന്നിവ പോലുള്ള ജൈവ, അസ്ഥിര കണങ്ങള്‍ ഉള്‍പ്പെടുന്നു. മലീമസമായ പര്‍ട്ടിക്കുലേറ്റ് മാറ്റര്‍ 2.5 അടയാളപ്പെടുത്തുന്ന സ്ഥലങ്ങളിലെ ആളുകളില്‍ കോവിഡ് 19 മരണനിരക്കില്‍ ഗണ്യമായ വര്‍ദ്ധനയുണ്ടാവുന്നുവെന്ന് അവര്‍ കണ്ടെത്തി.

ഉയര്‍ന്ന അളവിലുള്ള പി.എം 2.5 ഉള്ള ഒരു സ്ഥലത്ത് ഏറെക്കാലമായി താമസിക്കുന്ന ഒരാള്‍ക്ക് കോവിഡ് 19 ബാധിച്ച് മരിക്കാനുള്ള സാധ്യത 15 ശതമാനം കൂടുതലാണെന്ന് പഠനം കണ്ടെത്തി. അന്തരീക്ഷത്തിലെ അതിസൂക്ഷ്മ മാലിന്യകണങ്ങളുമായുള്ള(പി.എം. 2.5) നിരന്തര സമ്പര്‍ക്കം ആളുകളില്‍ പലരെയും ശ്വാസ, ഹൃദയ സംബന്ധമായ രോഗത്തിന്റെ പിടിയില്‍പെടുത്തുന്നുവെന്നും ഇതാണ് ഇവിടങ്ങളില്‍ കൊവിഡ് വൈറസ് ബാധ കൂടുതല്‍ മാരകമാകാന്‍ കാരണമാകുന്നതെന്നും പഠനം വ്യക്തമാക്കുന്നു.

ഡെന്‍മാര്‍ക്കിലെ ആര്‍ഹസ് യൂണിവേഴ്‌സിറ്റിയിലെയും ഇറ്റലിയിലെ സിയേന യൂണിവേഴ്‌സിറ്റിയിലെയും പരിസ്ഥിതി ശാസ്ത്രജ്ഞരും അന്തരീക്ഷ മലിനീകരണവും കൊറോണവൈറസ് മണനിരക്കും തമ്മിലുള്ള ബന്ധം ശരിവയ്ക്കുന്നു. ഇറ്റലിയില്‍ കൊറോണ വൈറസ് ബാധിച്ച് ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച രണ്ട് നഗരങ്ങളിലെ മരണനിരക്കും മറ്റിടങ്ങളിലെ മരണനിരക്കും താരതമ്യം ചെയ്തതില്‍ നിന്നാണ് ഇവര്‍ നിഗമനത്തിലെത്തിയത്.

വായു മലിനീകരണത്തില്‍ ദീര്‍ഘനേരം തുടരുന്നത് ചെറുപ്പക്കാരിലും ആരോഗ്യമുള്ളവരായ ആളുകളില്‍ പോലും അണുബാധയ്ക്ക് ഇരയാക്കുമെന്ന് പഠനം പറയുന്നു.

Comments are closed.