സുസുക്കി തങ്ങളുടെ ബര്‍ഗ്മാന്‍ 200 മാക്സി സ്‌കൂട്ടറിനെ ജാപ്പനീസ് വിപണിയില്‍ അവതരിപ്പിച്ചു

ബർഗ്‌മാൻ 200 മാക്‌സി സ്‌കൂട്ടറിനെ ജാപ്പനീസ് വിപണിയിൽ അവതരിപ്പിച്ച് സുസുക്കി. MY2020 പരിഷ്ക്കരണത്തിനൊപ്പം അധിക ചെലവില്ലാതെ ബർഗ്‌മാൻ 200-ൽ പുതിയ കളർ ഓപ്ഷനുകളും ബ്രാൻഡ് അവതരിപ്പിക്കുന്നു.

മാറ്റ് ഫൈബ്രോയ്ൻ ഗ്രേ മെറ്റാലിക്, മാറ്റ് ബ്ലാക്ക് മെറ്റാലിക്, ബ്രില്യന്റ് വൈറ്റ് കളർ ഓപ്ഷനുകളിലായിരുന്നു മുമ്പ് സുസുക്കി ബർഗ്മാൻ 200 വിപണിയിൽ എത്തിയിരുന്നത്. സ്‌കൂട്ടറിനെ ഏറെ ആകർഷണീയമാക്കിയിരുന്ന രണ്ട് ഡ്യുവൽ ഹെഡ്‌ലൈറ്റ് സജ്ജീകരണവും വലിയ ഫ്രണ്ട് വിൻഡ്‌സ്ക്രീനും അതേപടിതുടരുന്നു. റൈഡറിനും പില്യനും ഒരേ പോലെ സൗകര്യപ്രദമായ വലിയ സീറ്റാണ് ബർഗ്മാനിൽ സുസുക്കി അവതരിപ്പിക്കുന്നത്.

കൂടാതെ രണ്ട് ഫുൾ-ഫെയ്സ്‌സ് ഹെൽമെറ്റുകൾ ഉൾക്കൊള്ളാൻ ശേഷിയുള്ള വലിയ 41 ലിറ്റർ അണ്ടർ സീറ്റ് സംഭരണ സ്ഥലവും വാഹനത്തിലേക്ക് അടുപ്പിക്കുന്ന സവിശേഷതകളാണ്.സ്റ്റോറേജ് സ്ഥലത്തെക്കുറിച്ച് പറയുമ്പോൾ ബർഗ്മാൻ 200-ന്റെ ഫ്രണ്ട് പോക്കറ്റും വളരെ വിശാലമാണ്. കൂടാതെ 12V DC സോക്കറ്റും സജ്ജീകരിച്ചിരിക്കുന്നു.

199 സിസി സിംഗിൾ സിലിണ്ടർ എഞ്ചിനാണ് 163 കിലോഗ്രാം ഭാരമുള്ള സുസുക്കി ബർഗ്മാൻ 200-ന് കരുത്ത് പകരുന്നത്. ഫ്യുവൽ ഇഞ്ചക്ഷൻ സാങ്കേതികവിദ്യയുളള ഈ യൂണിറ്റ് 18 bhp പവറും 16 Nm torque ഉം ഉത്പാദിപ്പിക്കുന്നു. ലിറ്ററിന് 36 കിലോമീറ്റർ ഇന്ധനക്ഷമത നൽകാൻ ഈ എഞ്ചിന് കഴിവുണ്ടെന്ന് സുസുക്കി അവകാശപ്പെടുന്നു.

ജാപ്പനീസ് വിപണിയിൽ പരിഷ്ക്കരിച്ച് അവതരിപ്പിച്ചിരിക്കുന്ന സുസുക്കി ബർഗ്മാൻ 200-ന് വില വർധനവ് ലഭിച്ചിട്ടില്ല എന്നത് ശ്രദ്ധേയമാണ്. 485,000 യെൻ ആണ് മാക്‌സി സ്‌കൂട്ടറിന്റെ വില. അതായത് 3.40 ലക്ഷം രൂപ.

Comments are closed.