സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. തുടര്‍ന്ന് കണ്ണൂരില്‍ രണ്ടും പാലക്കാട് ഒരു കേസും റിപ്പോര്‍ട്ട് ചെയ്തു. അതില്‍ 2 പേര്‍ക്ക് സമ്പര്‍ക്കം വഴിയും ഒരാള്‍ വിദേശത്തുനിന്ന് വന്നതാണ്. അതേസമയം ഇന്ന് 19 കേസുകള്‍ നെഗറ്റീവായി. കാസര്‍കോട് 12, പത്തനംതിട്ട, തൃശൂര്‍ 3 വീതം, കണ്ണൂര്‍ ഒന്ന്. ഇതുവരെ 378 പേര്‍ക്കാണ് രോഗം ബാധിച്ചത്. 178 പേര്‍ ചികിത്സയിലാണ്.

സംസ്ഥാനത്ത് 1,12,183 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 1,11,468 വീടുകളിലും 715 പേര്‍ ആശുപത്രിയിലുമാണ്. എന്നാല്‍ 86 പേരാണ് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 15683 സാംപിളുകള്‍ ഇതുവരെ പരിശോധനയ്ക്ക് അയച്ചു. 14829 എണ്ണം രോഗബാധയില്ല. പുതുതായി രോഗം ബാധിക്കുന്നവരുടെ എണ്ണം കുറയുകയും സുഖപ്പെടുന്നവരുടെ എണ്ണം വര്‍ധിക്കുകയും ചെയ്യുന്ന സാഹചര്യം കേരളത്തിലുണ്ട് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യകതമാക്കി.

ഐശ്വര്യത്തിന്റെയും സമൃദ്ധിയുടെയും പ്രതീകമായ വിഷു തുല്യതയുടെ സന്ദേശമാണ് പകര്‍ന്നു നല്‍കുന്നത്. സമത്വത്തിനു വേണ്ടി സ്വന്തം ജീവിതത്തെ പോരാട്ടമാക്കിയ നവോഥാന നായകനാണ് അംബേദ്കര്‍. ജാതിക്കും മതത്തിനും അപ്പുറം മനുഷ്യത്വത്തില്‍ അടിസ്ഥാനമായ തുല്യതയ്ക്കായുള്ള പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ 130ാം ജയന്തി ദിനം ഈ വിഷു ദിനത്തില്‍തന്നെ വന്നുചേരുന്നത് അതിന്റേതായ ഒരു ഔചിത്യ ഭംഗിയുണ്ട്.

അദ്ദേഹത്തിന്റെ ജീവിതം തുല്യതയ്ക്കായി പോരാടിയതാണെന്ന് നമുക്ക് അറിയാം. എല്ലാവര്‍ക്കും വിഷു, അംബേദ്കര്‍ ജയന്തി ആശംസിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇത്തവണത്തെ വിഷുക്കൈനീട്ടം നാടിനുവേണ്ടിയാകട്ടെയെന്ന് അഭ്യര്‍ഥിക്കുന്നു. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്ന സംഭാവനയാക്കി ഇത്തവണത്തെ വിഷുക്കൈനീട്ടത്തെ മാറ്റാന്‍ എല്ലാവരും തയാറാകും എന്നു പ്രതീക്ഷിക്കുന്നു. കുട്ടികളും ഇതിന്റെ ഭാഗമാകും എന്നു കരുതുന്നുവെന്നും മുഖ്യമന്ത്രി പറയുന്നു.

കൂടാതെ നാം കാണേണ്ടത് ജാഗ്രതയില്‍ കുറവു വരുത്താനുള്ള അവസ്ഥ മുന്നില്‍ ഇല്ല. വൈറസ് വ്യാപനം എപ്പോള്‍ എവിടെയൊക്കെയെന്നു പ്രവചിക്കാന്‍ സാധിക്കില്ല. സമൂഹവ്യാപനം എന്ന അത്യാപത്തും സംഭവിക്കാം. വിട്ടുവീഴ്ചയില്ലാത്ത നിയന്ത്രണങ്ങള്‍ തുടരും. പ്രവാസികളുടെ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ട്. അവരെ കേരളത്തില്‍ എത്തിക്കണമെന്ന് നമുക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും താല്‍പര്യമുണ്ട്.

ഇതു പ്രധാനമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. യാത്രാനിരോധനം മൂലം വിദേശത്തു കുടുങ്ങിയവരും ഹ്രസ്വകാല സന്ദര്‍ശനത്തിനു പോയവര്‍ക്കും മടങ്ങാന്‍ സാധിക്കുന്നില്ല. വരുമാനം ഇല്ലാത്തതിനാല്‍ അവിടെ ജീവിതം അസാധ്യമാണ്. ഇവര്‍ക്കും പ്രയാസം നേരിടുന്ന പ്രവാസികള്‍ക്കും നാട്ടിലേക്കു പ്രത്യേക വിമാനം ഏര്‍പെടുത്തണമെന്ന് പ്രധാനമന്ത്രിയോട് അഭ്യര്‍ഥിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

Comments are closed.