രാജ്യവ്യാപകമായുള്ള ലോക്ക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ മെയ് മൂന്നു വരെ നീട്ടിയതായി പ്രഖ്യാപിച്ചു

ന്യൂഡല്‍ഹി: കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ആദ്യം പ്രഖ്യാപിച്ച ലോക്ഡൗണ്‍ കാലാവധി ഇന്ന് അവസാനിക്കാനിരിക്കെ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ രാജ്യവ്യാപകമായുള്ള ലോക്ക്ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ മെയ് മൂന്നു വരെ നീട്ടിയതായി പ്രഖ്യാപിച്ചു. കൂടാതെ ഏപ്രില്‍ 20 വരെ രാജ്യത്ത് കടുത്ത നിയന്ത്രണവും ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

ഏപ്രില്‍ 20 ന് ശേഷം സ്ഥിതിഗതികള്‍ നിരീക്ഷിച്ച ശേഷം രോഗത്തിന്റെ തീവ്രത കുറഞ്ഞ ഇടങ്ങളില്‍ ഇളവുകളുണ്ടാവും. അതേസമയം തീവ്രബാധിത പ്രദേശങ്ങളില്‍ മുന്‍പത്തേക്കാള്‍ കൂടുതല്‍ ശ്രദ്ധിക്കണമെന്നും കൂടുതല്‍ തീവ്രബാധിത പ്രദേശങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നും സാമൂഹിക അകലം പാലിക്കുക, വീട്ടില്‍ ഉണ്ടാക്കുന്ന മുഖാവരണം ധരിക്കുക, പ്രതിരോധ നിര്‍ദേശങ്ങള്‍ പാലിക്കുക, ആരോഗ്യസേതു മൊബൈല്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക തുടങ്ങിയ നിര്‍ശേദങ്ങളും പാലിക്കാന്‍ പ്രധാനമന്ത്രി ജനങ്ങളോട് ആവശ്യപ്പെടുകയാണ്.

കൂടാതെ ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങള്‍ പാലിക്കുക, മുതിര്‍ന്നവര്‍ക്ക് പ്രത്യേക കരുതല്‍, ആരോഗ്യ പ്രവര്‍ത്തകരെ മാനിക്കല്‍., ആരോഗ്യ സേതു ആപ്പ് ഉപയോഗിക്കുക, പ്രതിരോധശേഷി കൂട്ടുക, പാവങ്ങളെ സഹായിക്കുക, ജീവനക്കാരെ പിരിച്ചു വിടാതിരിക്കുക തുടങ്ങി ഏഴു നിര്‍ദേശങ്ങളും അറിയിച്ചിരുന്നു. അതേസമയം കോവിഡ് പ്രതിരോധത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങള്‍ക്ക് മാതൃകയായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു.

പ്രശ്നം കണ്ടപ്പോള്‍ തന്നെ നടപടിയെടുക്കാന്‍ കഴിഞ്ഞതാണ് വിജയമായത്. മറ്റ് പല രാജ്യങ്ങളിലും ഇന്ത്യയേക്കാള്‍ 30 ശതമാനം കൂടുതലാണ് രോഗികളുടെ എണ്ണം. കോവിഡ് പോരാട്ടത്തില്‍ മറ്റ് രാജ്യങ്ങളേക്കാള്‍ ഏറെ മുന്നിലാണ് ഇന്ത്യ. പോരാട്ടത്തില്‍ ഇന്ത്യയിലെ ജനങ്ങള്‍ അച്ചടക്കമുള്ള സൈനികരായി. ഓരോരുത്തരും പോരാളികളായി. രാജ്യം ഒറ്റക്കെട്ടായി നിന്നതിനാല്‍ കോവിഡിനെ ഒരു പരിധി വരെ ഇന്ത്യയില്‍ പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞത്.

കോവിഡ് കേസുകള്‍ രാജ്യത്ത് കുറഞ്ഞതിന് കാരണം രാജ്യത്തെ ഓരോരുത്തരും ഉത്തരവാദിത്വം കാട്ടിയതും അര്‍പ്പണ മനോഭാവവുമാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. ലോക്ഡൗണിന്റെ ഈ കാലത്ത് ജനങ്ങള്‍ ഏറെ ത്യാഗം സഹിക്കുന്നുണ്ട്. ഭക്ഷണത്തിനും യാത്രയ്ക്കുമെല്ലാം എല്ലാവരും ബുദ്ധിമുട്ടുകയാണ്. ഇത്രയുമെങ്കിലും പിടിച്ചു നില്‍ക്കാനായത് ജനങ്ങളുടെ പിന്തുണ കൊണ്ടാണ്. ജനങ്ങളുടെ ഈ ത്യാഗത്തെ നമിക്കുകയാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി എല്ലാവരുടേയും പിന്തുണയ്ക്ക് നന്ദി പറയുകയും ചെയ്തു.

Comments are closed.