കൊവിഡ് വ്യാപനം തടയാന്‍ 28 ദിവസത്തെ നിരീക്ഷണം അനിവാര്യം ; ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തിന് വെല്ലുവിളി

തിരുവനന്തപുരം: കൊവിഡ് വ്യാപനം തടയാന്‍ 28 ദിവസത്തെ നിരീക്ഷണം അനിവാര്യമാണെന്ന കേരളത്തിന്റെ നിലപാട് ശരിവയ്ക്കുന്നു കണക്കുകള്‍. ഇതോടെ കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തുന്നവര്‍ 14 ദിവസത്തെ നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്ന ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശത്തിന് വെല്ലുവിളിയാകുന്നു.

കൊവിഡ് ബാധിത പ്രദേശങ്ങളില്‍ നിന്നെത്തിയവരും കൊവിഡ് ബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും 14 ദിവസം നിരീക്ഷണത്തില്‍ കഴിഞ്ഞാല്‍ മതിയെന്നാണ് ലോകാരോഗ്യ സംഘടന നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ മറ്റ് സംസ്ഥാനങ്ങള്‍ ഈ നിര്‍ദ്ദേശം പിന്തുടരുമ്പോള്‍ കേരളം 28 ദിവസത്തെ നിരീക്ഷണം വേണമെമെന്ന് നിലപാടെടുത്തിരുന്നു.

കോഴിക്കോട് എടച്ചേരി സ്വദേശിയായ 35കാരന്‍ വിദേശത്ത് നിന്നെത്തി 27ാമത്തെ ദിവസമാണ് കൊവിഡ് സ്ഥിരീകരിച്ചത്. സഹോദരനൊപ്പം മാര്‍ച്ച് 18ന് ദുബായില്‍ നിന്നെത്തിയ ഇയാള്‍ നാട്ടിലെത്തിയതു മുതല്‍ നിരീക്ഷണത്തിലായിരുന്നു. പിതാവിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്കും കൊവിഡ് ബാധയെന്ന് വ്യക്തമായത്.

കൂടാതെ ഇയാളുടെ സഹോദരിയുടെ മകള്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇരുവര്‍ക്കും കൊവിഡ് ബാധിച്ചത് ഇയാളില്‍ നിന്നെന്നാണ് ആരോഗ്യ വകുപ്പിന്റെ കണ്ടെത്തല്‍. അതേസമയം കണ്ണൂര്‍ സ്വദേശിയായ 40 കാരന് 26ദിവസത്തിനു ശേഷവും പാലക്കാട് സ്വദേശിക്ക് 23 ദിവസത്തിനു ശേഷവും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ കൊവിഡ് വൈറസ് ബാധിക്കുന്ന 95 ശതമാനം വ്യക്തികളിലും 14 ദിവസത്തിനകം രോഗലക്ഷണം പ്രകടമാകുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. നാലു ശതമാനം കേസുകളില്‍ ഇന്‍ക്യൂബേഷന്‍ പിരീഡ് 28 ദിവസം വരെയാകാം. ഒരു ശതമാനം കേസില്‍ 31 ദിവസം വെരെയുമാകാം.

Comments are closed.