പൊലീസിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നാളെ പുറത്തിറക്കും ; ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ കര്‍ശനമാക്കുമെന്ന് ലോക്നാഥ് ബെഹ്റ

തിരുവനന്തപുരം: മെയ് മൂന്നുവരെ ലോക്ക് ഡൗണ്‍ നീട്ടിയ സാഹചര്യത്തില്‍ പൊലീസിന്റെ പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ നാളെ പുറത്തിറക്കും. തുടര്‍ന്ന് ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ സംസ്ഥാനത്ത് ഇനിയും കര്‍ശനമാക്കുമെന്നും പൊലീസുകാര്‍ക്ക് വിശ്രമം ലഭിക്കുന്ന രീതിയില്‍ രണ്ടാം ഘട്ടത്തില്‍ സേനയെ പുന:വിന്യസിക്കുകയും ഇളവുകളുടെ മറവില്‍ ആരെയും യഥേഷ്ടം നിരത്തിലിറക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ വ്യക്തമാക്കി.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചതോടെ കഴിഞ്ഞ ദിവസങ്ങളില്‍ ജനങ്ങള്‍ കൂട്ടത്തോടെ നിരത്തിറകളിലിറങ്ങിയിരുന്നു. ഇനി മുതല്‍ ഇതനുവദിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. 60,0000ത്തിലധികം പൊലീസുകാര്‍ക്ക് അവധി നല്‍കാതെ അണി നിരത്തിയിരിക്കുകയാണ്. ആദ്യ ഘട്ടത്തില്‍ 15000 പൊലീസുകാര്‍ റിസര്‍വിലായിരുന്നു.

എന്നാല്‍ 22 ദിവസമായി ലോക് ഡൗണ്‍ വിജയപ്പിക്കാനായി വിശ്രമില്ലാതെ ജോലി ചെയ്യുകയാണ് പൊലീസ്. നിയമലംഘകരെ പിടികൂടുന്നതിനപ്പുറം രോഗികളെ ആശുപത്രിലെത്തിക്കാനും ഭക്ഷണവും മരുന്നുമെത്തിക്കാനും പൊലീസ് ജോലി ചെയ്യുന്നു. വിശ്രമമില്ലാത്തയുള്ള ജോലി പൊലീസിനെയും മടുപ്പിക്കുകയാണ്.

ആരോഗ്യ പ്രശ്നങ്ങളുള്ള പൊലീസുകാര്‍ക്ക് വിശ്രമ നല്‍കി രണ്ടാം നിരയിലുള്ളവരെ രംഗത്തിറക്കി ലോക് ഡൗണ്‍ നിബന്ധനകള്‍ കര്‍ശനമാക്കാനാണ് ശ്രമം. കൂടാതെ കാസര്‍ഗോഡ് ജോലി ചെയ്യുന്ന പൊലീസുകാര്‍ക്ക് വിശ്രമം നല്‍കാന്‍ പ്രത്യേക പദ്ധതി ആലോചിക്കുകയാണ്. നിയമം ലംഘിക്കുന്ന വാഹനങ്ങള്‍ ഇനിയും പിടിച്ചെടുക്കുമെന്നും പൊലീസിന് പിഴ ചുമത്താന്‍ അനുവാദം നല്‍കുന്ന സര്‍ക്കാര്‍ തീരുമാനം വൈകാതെയുണ്ടാകുമെന്നും ഡിജിപി അറിയിച്ചു.

Comments are closed.