Ultimate magazine theme for WordPress.

തൃശൂര്‍ പൂരം ചടങ്ങായി പോലും നടത്തേണ്ടതില്ലെന്ന് ഭാരവാഹികള്‍ ; അന്തിമ തീരുമാനം മന്ത്രിതല യോഗത്തിനു ശേഷം

തൃശ്ശൂര്‍: മെയ് 3 വരെ ലോക്ക് ഡൗണ്‍ നീട്ടിയ പശ്ചാത്തലത്തില്‍ ചടങ്ങായി പോലും തൃശൂര്‍ പൂരം നടത്തേണ്ടതില്ലെന്ന് ഭാരവാഹികള്‍ ധാരണയിലെത്തി. എന്നാല്‍ അന്തിമ തീരുമാനം ഇന്ന് രാവിലെ 11 മണിക്ക് തൃശൂരില്‍ ചേരുന്ന മന്ത്രിതല യോഗത്തില്‍ വ്യക്തമാവും. അതിനായി ജില്ലയിലെ മന്ത്രിമാരായ എ സി മൊയ്തീന്‍, വി എസ് സുനില്‍ കുമാര്‍, സി രവീന്ദ്രനാഥ് എന്നിവരുടെ നേതൃത്വത്തില്‍ ദേവസ്വം പ്രതിനിധികളെ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുകയാണ്.

മെയ് 2 നാണ് തൃശൂര്‍ പൂരം നടക്കാനുള്ളത്. എന്നാല്‍ ലോക്ക് ഡൗണ്‍ നീട്ടിയതോടെ പൂരത്തിന്റെ ഒരുക്കങ്ങളെല്ലാം പാറമേക്കാവ് – തിരുവമ്പാടി ദേവസ്വങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. ഒരു ആനയുടെ പുറത്ത് എഴുന്നള്ളിപ്പും പേരിന് മാത്രം മേളവുമായി നടത്താനായിരുന്നു നേരത്തെയുളള തീരുമാനം. എന്നാല്‍ ഇത് പോലും വേണ്ടെന്നാണ് ധാരണ.

അതേസമയം ഗുരുവായൂര്‍ ക്ഷേത്രത്തിലെ വഴിപാടുകള്‍ ഇനി മുതല്‍ ഓണ്‍ലൈനായും നടത്താം. ലോക്ക് ഡൗണ്‍ പിന്‍വലിച്ചാല്‍ ദേവസ്വം ഗസ്റ്റ് ഹൗസിലെ റൂമുകള്‍ ഓണ്‍ലൈന്‍ വഴി പണമടച്ച് ബുക്ക് ചെയ്യാവുന്നതാണ്. എന്നാല്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപനത്തിനു മുമ്പേ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭകതര്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്നു.

അതേസമയം പൂജകളും ചടങ്ങുകളും സാധാരണ പോലെ തുടരുന്നുണ്ട്. എന്നാല്‍ ക്ഷേത്രത്തിലെത്താനാകാത്ത ഭക്തര്‍ക്ക് വഴിപാട് നടത്താനാകാത്ത അവസ്ഥയാണുളളത്. ഇത് ഒഴിവാക്കാനാണ് ഓണ്‍ലൈനിലൂടെ ഇതിനുളള സൗകര്യമൊരുക്കിയത്. പുഷ്പാഞ്ജലി മുതല്‍ ഉദയാസ്തമന പൂജ വരെയുളള വഴിപാടുകള്‍ ഓണ്‍ലൈനിലൂടെ ബുക്ക് ചെയ്യാവുന്നതാണ്. ക്ഷേത്രം അടച്ചതു മൂലം വഴിപാടിലൂടെയും നടവരവിലൂടെയുമുളള ദേവസ്വത്തിന്റെ വരുമാനം പൂര്‍ണമായി നിലച്ചിരിക്കുകയാണ്.

Comments are closed.