Ultimate magazine theme for WordPress.

രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നുവെന്ന് ഐസിഎംആര്‍

ദില്ലി: രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നുവെന്ന് ഐസിഎംആര്‍ റിപ്പോര്‍ട്ട്. അതിനാല്‍ പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കി. അതേസമയം കൊവിഡിന്റെ സാമ്പിളുകള്‍ പരിശോധിക്കുന്നതില്‍ വന്‍ വര്‍ധനവ് ഉണ്ടായി. ഇന്നലെ ആദ്യമായി 26351 സാമ്പിളുകളാണ് 24 മണിക്കൂറിനകം ടെസ്റ്റ് ചെയ്തത്.

ഇന്ത്യയില്‍ ഇതുവരെ 2,44,893 സാമ്പിളുകള്‍ പരിശോധിച്ചു. കഴിഞ്ഞ മൂന്ന് ദിവസത്തില്‍ മാത്രം 3286 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 10,815 ആയി. കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്. ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്.

ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒന്‍പതായി. തെലങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. അതേസമയം മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും.

ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന് കേന്ദ്രം നല്‍കും. കൂടാതെ ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകള്‍ വാങ്ങാനാണ് ചൈനയുമായി കരാര്‍ ഉണ്ടാക്കിയിരിക്കുന്നത്.

Comments are closed.