Ultimate magazine theme for WordPress.

പുണെ റൂബി ഹാള്‍ ആശുപത്രിയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: പുണെ റൂബി ഹാള്‍ ആശുപത്രിയില്‍ ഒരു മലയാളി നഴ്‌സിന് കൂടി കൊവിഡ് സ്ഥിരീകരിച്ചു. അതേസമയം ഈ ആശുപത്രിയില്‍ നേരത്തെ മറ്റ് രണ്ട് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചതായിരുന്നു. രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം 10,815 ആയി. മരണം 353 ആയി. കര്‍ണാടകത്തില്‍ കൊവിഡ് മരണം പത്തായി. ഇന്നലെ മാത്രം നാല് പേരാണ് സംസ്ഥാനത്ത് മരിച്ചത്.

ബെംഗളൂരുവില്‍ 38 കൊവിഡ് തീവ്രബാധിത പ്രദേശങ്ങളാണ് ഉള്ളത്. ആന്ധ്ര പ്രദേശില്‍ ഇന്നലെ രണ്ട് പേര്‍ കൂടി മരിച്ചതോടെ ആകെ മരണം ഒന്‍പതായി. തെലങ്കാനയില്‍ 18 പേരാണ് ഇതുവരെ കൊവിഡ് ബാധിച്ച് മരണമടഞ്ഞത്. അതേസമയം രാജ്യത്ത് കൊവിഡ് കേസുകള്‍ ക്രമാതീതമായി ഉയരുന്നുവെന്നാണ് ഐസിഎംആര്‍ റിപ്പോര്‍ട്ട്.

പരിശോധനകളുടെ എണ്ണം കൂട്ടാന്‍ വീണ്ടും ശുപാര്‍ശ നല്‍കിയിട്ടുണ്ട്. ചൈനയില്‍ നിന്ന് ദ്രുതപരിശോധന കിറ്റുകള്‍ എത്തിത്തുടങ്ങി. 15 ലക്ഷം ദ്രുതപരിശോധന കിറ്റുകള്‍ വാങ്ങാനാണ് ചൈനയുമായി കരാര്‍ ഉള്ളത്. അതേസമയം മെയ് മൂന്ന് വരെ ദേശീയ ലോക്ക്ഡൗണ്‍ നീട്ടുന്നതിന്റെ ഭാഗമായി പുതുക്കിയ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ഇന്ന് പുറത്തിറക്കും.

ഏപ്രില്‍ ഇരുപതിന് ചില മേഖലകള്‍ക്ക് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദ്ദേശങ്ങള്‍ ഇന്ന് കേന്ദ്രം നല്‍കും. സാമ്പത്തിക പ്രതിസന്ധിയും മന്ത്രിസഭ ചര്‍ച്ച ചെയ്യും. ഇതരസംസ്ഥാന തൊഴിലാളികളുടെ പ്രതിഷേധം വിലയിരുത്താന്‍ ആഭ്യന്തരമന്ത്രാലയത്തിലും യോഗം നടക്കുന്നുണ്ട്.

Comments are closed.