പാനൂരില്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചെന്ന കേസില്‍ പ്രതി റിമാന്റില്‍ ; പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ്

കണ്ണൂര്‍: പാനൂരില്‍ നാലാം ക്ലാസുകാരിയെ സ്‌കൂളില്‍ വച്ച് പീഡിപ്പിച്ചെന്ന കേസില്‍ പ്രതിയെ റിമാന്റു ചെയ്തു. തുടര്‍ന്ന് പ്രതി പദ്മരാജനെ തലശ്ശേരി സബ് ജയിലിലേക്ക് മാറ്റി. അതേസമയം പ്രതി കുറ്റം സമ്മതിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. അതിനാല്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ വാങ്ങാന്‍ അപേക്ഷ നല്‍കും.

ഇയാള്‍ക്കെതിരായ ശാസ്ത്രീയ തെളിവുകളുടെ കൂടി അടിസ്ഥാനത്തിലായിരിക്കും വിശദമായ ചോദ്യം ചെയ്യലുണ്ടാവുക എന്ന് തലശ്ശേരി ഡിവൈഎസ്പി കെവി വേണുഗോപാല്‍ വ്യക്തമാക്കി. അതേ സമയം പെണ്‍കുട്ടിയെ സമ്മര്‍ദ്ദത്തിലാക്കാനുള്ള ശ്രമം പൊലീസ് നടത്തിയെന്ന് കുടുംബം പറയുകയാണ്.

കേസില്‍ കോഴിക്കോടടക്കം പലസ്ഥലങ്ങളില്‍ പെണ്‍കുട്ടിയെ കൊണ്ടുവരാന്‍ പൊലീസ് ആവശ്യപ്പെട്ടു. അതിനാല്‍ കുഞ്ഞിന് കടുത്ത മാനസീക സമ്മര്‍ദ്ദം ഉണ്ടാക്കുന്ന നടപടിയാണ് പൊലീസിന്റെ ഭാഗത്തുനിന്ന് അന്വേഷണ സമയത്ത് ഉണ്ടായതെന്നും കുടുംബം ആരോപണം ഉന്നയിച്ചിരുന്നു.

Comments are closed.