രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12,759 ; ആകെ കൊവിഡ് മരണം 420 ആയി

ദില്ലി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 12,759 ആയി. ആകെ കൊവിഡ് മരണം 420 ആയി. അതേസമയം 1488 പേര്‍ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. എന്നാല്‍ തലസ്ഥാനനഗരമായ ദില്ലിയില്‍ 1640 പേര്‍ക്കാണ് രോഗബാധയുള്ളത്. തമിഴ്‌നാട്ടില്‍ ഇന്നലെ 25 പേര്ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ രോഗബാധിതര്‍ 1267 ആയി.

വില്ലുപുരത്ത് ചികിത്സയിലായിരുന്ന 57 കാരന്‍ മരിച്ചതോടെ മരണം 15 ആയി. മഹാരാഷ്ട്രയില്‍ 24 മണിക്കൂറിനിടെ 284 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 3202 ആയി. ഏഴ് പേര്‍ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 194 ആയി. തുടര്‍ന്ന് 24 മണിക്കൂറിനിടെ 56 ഇടങ്ങളെ മുംബൈയില്‍ തീവ്രബാധിതമേഖലകളാക്കി പ്രഖ്യാപിച്ചു.

അതേസമയം മുംബൈയില്‍ മാത്രം 438 തീവ്രബാധിതമേഖലകളാണ് ഉള്ളത്. രോഗികളില്‍ പ്ലാസ്മാ ചികിത്സ തുടങ്ങാന്‍ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടി. ഉത്തര്‍പ്രദേശില്‍ നിന്ന് ലോക്ക് ഡൗണ്‍ ലംഘിച്ച് മഹാരാഷ്ട്രയില്‍ തിരിച്ചെത്തിയ സാംഗ്ലി സ്വദേശികളായ 30 അംഗത്തെ പൊലീസ് പിടികൂടി ക്വാറന്റൈന്‍ ചെയ്തു.

Comments are closed.