വിദേശരാജ്യങ്ങളേക്കാള്‍ ഇന്ത്യയില്‍ കൊവിഡ് പിടിച്ച് നിര്‍ത്താനായെന്ന് കേന്ദ്രം

ദില്ലി: വിദേശരാജ്യങ്ങളേക്കാള്‍ ഇന്ത്യയില്‍ കൊവിഡ് പിടിച്ച് നിര്‍ത്താനായെന്ന് വ്യക്തമാക്കുന്ന കണക്കുകള്‍ കേന്ദ്രം പുറത്തിറക്കി. എന്നാല്‍ പരിശോധന കുറയുന്നത് കൊണ്ടല്ല കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞിരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കുന്നു. ഇന്ത്യയില്‍ 750 കേസില്‍ നിന്ന് 1500 കേസിലെത്താന്‍ വേണ്ടിവന്നത് നാല് ദിവസമാണ്.

ഇത് അടുത്ത 4 ദിവസത്തില്‍ 3000 ആയി. 3000 ത്തില്‍ നിന്ന് 6000 ആകാന്‍ അഞ്ച് ദിവസവും അതേസമയം 6000 ത്തില്‍ നിന്ന് 12000 ആകാന്‍ ആറുദിവസം വേണ്ടിവന്നു. അതേസമയം അമേരിക്കയിലും ജര്‍മ്മനിയിലും ഇതിന് വേണ്ടി വന്നത് രണ്ട് ദിവസവും ഫ്രാന്‍സിലും സ്‌പെയിനിലും നാല് ദിവസവുമായിരുന്നു. അതായത് സംഖ്യ പതിനായിരം കഴിയുമ്പോള്‍ ഇന്ത്യയില്‍ രോഗവ്യാപനത്തിന്റെ വേഗത കുറയുന്നു.

പതിനായിരം കേസുകള്‍ കണ്ടെത്തിയ സമയത്ത് ഇന്ത്യയില്‍ നടന്നത് 2,17, 554 പരിശോധനകളാണ്. എന്നാല്‍ അമേരിക്കയില്‍ 10000 കേസ് സ്ഥിരീകരിച്ചപ്പോള്‍ 1,39,878 പരിശോധനകള്‍ മാത്രമാണ് നടന്നിരുന്നത്. ഇറ്റലിയില്‍ 73,154 പേരുടെ പരിശോധന മാത്രം നടന്നപ്പോഴാണ് 10,000 കൊവിഡ് കേസ് സ്ഥിരീകരിച്ചത്. ഇന്ത്യയില്‍ ഓരോ പത്തുലക്ഷത്തിലും കൊവിഡ് രോഗികള്‍ 9 പേര്‍ മാത്രമാണ്.

എന്നാല്‍ അമേരിക്കയിലിത് 1946 ഉം സ്‌പെയിനില്‍ 3846 ഉം. ഓരോ പത്തു ലക്ഷത്തിലും 86 പേര്‍ എന്നതാണ് അമേരിക്കയിലെ മരണ നിരക്ക്. സ്‌പെയിനില്‍ 402ഉം ഇറ്റലിയില്‍ 386ഉം. ഇന്ത്യയില്‍ മൂന്ന് മാത്രമായിരുന്നു. അമേരിക്കയില്‍ പരിശോധിച്ചവരില്‍ 19.8 ശതമാനം പേര്‍ക്കാണ് രോഗബാധ കണ്ടെത്തിയത്.

ഫ്രാന്‍സില്‍ ഇത് 41.8 ശതമാനമാണ്. ഇന്ത്യയില്‍ 4.7 ശതമാനവും. അതിനാല്‍ ഇന്ത്യയില്‍ പരിശോധനകളുടെ അഭാവമല്ല രോഗവ്യാപനത്തിലെ കുറവ് തന്നെയാണ് കൊവിഡ് കേസുകള്‍ പിടിച്ചു നിറുത്തുന്നതെന്ന് സര്‍ക്കാര്‍ നിഗമനം.

Comments are closed.