മുംബൈയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് ; മഹാരാഷ്ട്രയില്‍ കൊവിഡ് രോഗികളുടെ എണ്ണം 3202 ആയി

മുബൈ: മുംബൈയില്‍ വോക്കാര്‍ഡ് ആശുപത്രിയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടി കൊവിഡ് ബാധ സ്ഥിരീകരിച്ചു. പൂനെയില്‍ രണ്ട് മലയാളി നഴ്‌സുമാര്‍ക്ക് കൂടി രോഗബാധയുണ്ടായി. 50 മലയാളി നഴ്‌സുമാര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വൊക്കാര്‍ഡ് ആശുപത്രിയിലാണ് പുതുതായി മലയാളികളടക്കം 15 നഴ്‌സുമാരും ഒരു ഡോക്ടരും രോഗബാധിതരായത്.

രോഗം സ്ഥിരീകരിച്ച ഭൂരിഭാഗം പേര്‍ക്കും രോഗലക്ഷണങ്ങളില്ല. എന്നാല്‍ ജീവനക്കാര്‍ക്ക് വ്യാപകമായി രോഗബാധ ഉണ്ടായതിനെ തുടര്‍ന്ന് ആശുപത്രി പൂട്ടിയിരിക്കുകയാണ്. അതേസമയം ചികിത്സയിലായിരുന്ന 12 നഴ്‌സുമാര്‍ക്ക് രോഗം ഭേദമായി. പൂനെയിലെ റൂബിഹാള്‍ ആശുപത്രിയിലല്‍ ഇന്ന് 2 മലയാളി നഴ്‌സുമാര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. ഇവിടെ നാല് നഴ്‌സുമാര്‍ നേരത്തെ കൊവിഡ് പോസിറ്റീവായിരുന്നു.

അതേസമയം രോഗികളില്‍ പ്ലാസ്മാ ചികിത്സ തുടങ്ങാന്‍ സംസ്ഥാനം കേന്ദ്രത്തോട് അനുമതി തേടിയിട്ടുണ്ട്. ഗുജറാത്തില്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബയോടെക്‌നോളജി റിസര്‍ച്ച് സെന്ററില്‍ കൊവിഡ് വൈറസിന്റെ ജീനോം സീക്വന്‍സിംഗ് നടത്തി. വൈറസിന്റെ സ്വഭാവം, ഉറവിടം എന്നിവ കണ്ടെത്തുന്നതിനും വാക്‌സിന്‍ പരീക്ഷണങ്ങള്‍ക്കും നിര്‍ണായകമായ വിവരങ്ങളാണ് ഇതിലൂടെ ലഭിക്കുന്നത്.

Comments are closed.