കോര്‍പ്പറേറ്റ് ഉപയോക്താക്കള്‍ക്കായി ഒരു ഹോം പ്ലാന്‍ പുറത്തിറക്കി എയര്‍ടെല്‍

ലോക്ക്ഡൌൺ സമയത്ത് ഉപയോക്താക്കളെ സഹായിക്കാനുള്ള പ്ലാനുകൾ നൽകുന്ന ടെലിക്കോം കമ്പനികൾക്കിടയിൽ വ്യത്യസ്തമായ പ്ലാനുമായി ഉപയോക്താക്കളെ ആകർഷിക്കുകയാണ് എയർടെൽ.

മറ്റ് കമ്പനികൾക്കൊപ്പം പ്രീപെയ്ഡ് ഉപയോക്താക്കൾക്കായി സൌജന്യ ടോക്ക് ടൈം പോലുള്ള ഓഫറുകൾ നൽകുന്ന കമ്പനി വീട്ടിലിരുന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ട് പുതിയ പ്ലാൻ പുറത്തിറക്കി. കോർപ്പറേറ്റ് ഉപയോക്താക്കൾക്കായി ഒരു ഹോം പ്ലാനാണ് കമ്പനി പുറത്തിറക്കിയത്.

ബാൻഡ്‌വിഡ്ത്ത് അപ്‌ഗ്രേഡുകൾ, ഡി‌എസ്‌എൽ, 4 ജി എന്നിവയെ അടിസ്ഥാനമാക്കിയുള്ള വർക്ക് ഫ്രം ഹോം, സഹകരണ സേവനങ്ങൾ, സെക്യൂരിറ്റി സൊല്യൂഷൻസ് എന്നിവയ്ക്കായി ആശയവിനിമയം സുരക്ഷിതമാക്കാനും ഉപയോക്താക്കൾക്ക് അവരുടെ ബിസിനസ്സ് ആവശ്യങ്ങളും ജോലി ആവശ്യങ്ങളും തടസമില്ലാതെ നടത്താനാവാശ്യമായ സജ്ജീകരണങ്ങൾ ഒരുക്കാനും എയർടെൽ തയ്യാറാവുന്നുവെന്നാണ് കമ്പനി അറിയിച്ചത്.

പുതുതായി ആരംഭിച്ച കോർപ്പറേറ്റ് പ്ലാനിന്റെ വില 3,999 രൂപയാണ്. ഇതിലൂടെ നിങ്ങൾക്ക് പ്രതിമാസം 50 ജിബി ഡാറ്റയും കോർപ്പറേറ്റ് മി-ഫൈയുള്ള ഹോട്ട്‌സ്‌പോട്ട് ഡിവൈസും ലഭിക്കും. ഇത് സൌജന്യമായി 100 മെസേജുകളും നൽകുന്നുണ്ട്. മറ്റൊരു പ്ലാൻ കൂടി എർടെൽ വാഗ്ദാനം ചെയ്യുന്നുണ്ട്. അത് 1,099 രൂപയുടെ പ്ലാനാണ്. ഈ പ്ലാനിലൂടെ അൺലിമിറ്റഡ് കോളിംഗിനൊപ്പം ഒരു റൂട്ടറും കമ്പനി നൽകുന്നുണ്ട്.

കോർപ്പറേറ്റ് പ്ലാനുകൾക്ക് പുറമേ എയർടെൽ 350 രൂപയ്ക്ക് സിം കണക്ഷൻ വാഗ്ദാനം ചെയ്യുന്നുണ്ട്. ഇതിലൂടെ ഉപഭോക്താവിന് 50 ജിബി ഡാറ്റ ലഭിക്കും. കൂടാതെ മറ്റൊരു ടോപ്പ്-അപ്പ് പ്ലാൻ 200 രൂപയ്ക്ക് 35 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നു. വീഡിയോ കോൺഫറൻസിംഗിനായുള്ള സൂം ആപ്ലിക്കേഷനുമായി കമ്പനി സഹകരിച്ച് പ്രവർത്തിക്കുന്നതായും റിപ്പോർട്ടുകളുണ്ട്. പോസ്റ്റ്പെയ്ഡ് ഉപയോക്താക്കൾക്കായി കമ്പനി 299 രൂപ, 399 രൂപ, 499 രൂപ, 1,599 രൂപ നിരക്കുകളിലുള്ള പ്ലാനുകൾ നൽകുന്നുണ്ട്.

കൊറോണ വൈറസ് രോഗികൾക്ക് സംഭാവനയായി പണം നൽകാൻ കഴിയുന്ന ഒരു പ്രത്യേക സെക്ഷൻ എയർടെൽ പേയ്‌മെന്റ് ബാങ്ക് ആരംഭിച്ചു. കോവിഡ് 19 രോഗികൾക്ക് ഇൻഷുറൻസ് പരിരക്ഷ വാഗ്ദാനം ചെയ്യുന്ന ഭാരതി ആക്സ ജനറൽ ഇൻഷുറൻസുമായി പേയ്‌മെന്റ് ബാങ്ക് സംവിധാനം ചേർന്ന് പ്രവർത്തിക്കും. ഈ പോളിസി രണ്ട് തരത്തിൽ ഇൻഷുറൻസ് നൽകുന്നുണ്ട്. ഒന്ന് പ്രതിമാസവും രണ്ടാമത്തേത് നിശ്ചിത തുക എന്ന രീതിയിലുമാണ് ഈ ഇൻഷൂറൻസ് ലഭ്യമാവുക.

എയർടെൽ അപ്പോളോ 24/7 മായി ചേർന്ന് കൊവിഡ് ലക്ഷണങ്ങൾ ഉണ്ടോയെന്ന് സ്വയം പരിശോധിക്കാൻ കഴിയുന്നൊരു സംവിധാനം വികസിപ്പിച്ചിട്ടുണ്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് വൈറസിന്റെ ലക്ഷണങ്ങളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ചോദിക്കാൻ കഴിയും. കൂടാതെ ഉപയോക്താക്കൾക്ക് കൊറോണ ഉണ്ടാവാനുള്ള സാധ്യതകളും ഇതിലൂടെ തിരിച്ചറിയാം. എയർടെൽ താങ്ക്സ് ആപ്പിലാണ് ഈ സംവധാനം കമ്പനി ഒരുക്കിയിട്ടുള്ളത്.

Comments are closed.