സ്വിഫ്റ്റ് ഹാച്ച്ബാക്കില്‍ ഏഴ് ഇഞ്ച് സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം അവതരിപ്പിച്ച് മാരുതി സുസുക്കി

സ്വിഫ്റ്റ് ഹാച്ച്ബാക്കിൽ പുതിയ ഏഴ് ഇഞ്ച് സ്മാർട്ട്‌പ്ലേ സ്റ്റുഡിയോ ഇൻഫോടെയിൻമെന്റ് സംവിധാനം അവതരിപ്പിച്ച് രാജ്യത്തെ ഏറ്റവും വലിയ കാർ നിർമാതാക്കളായ മാരുതി സുസുക്കി. തത്സമയ ട്രാഫിക് വിവരങ്ങളും വോയ്‌സ് കമാൻഡും ഉള്ള ബിൽറ്റ്-ഇൻ നാവിഗേഷനോടൊപ്പം ആൻഡ്രോയിഡ്, ആപ്പിൾ കാർപ്ലേ എന്നിവയും പരിഷ്ക്കരിച്ച സിസ്റ്റം പിന്തുണയ്‌ക്കുന്നു. ഇത് ബ്ലൂടൂത്ത്, യുഎസ്ബി, ഓക്സ്-ഇൻ എന്നിവയ്ക്കും അനുയോജ്യമാണ്. വാഹനത്തിൽ മറ്റ് മാറ്റങ്ങളൊന്നും മാരുതി വരുത്തിയിട്ടില്ല.

നിലവിൽ 1.2 ലിറ്റർ പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന മാരുതി സ്വിഫ്റ്റ് 82 bhp കരുത്തിൽ 113 Nm torque ഉത്പദിപ്പിക്കാൻ ശേഷിയുള്ളതാണ്. അഞ്ച് സ്പീഡ് മാനുവൽ, അഞ്ച് സ്പീഡ് എഎംടി (ഓട്ടോമേറ്റഡ് മാനുവൽ ട്രാൻസ്മിഷൻ) എന്നിവ വാഹനത്തിന്റെ ഗിയർബോക്‌സ് ഓപ്ഷനിൽ ഉൾപ്പെടുന്നു.

എന്നാൽ ഉടൻ തന്നെ നിലവിലുള്ള 1.2 ലിറ്റർ ഗ്യാസോലിൻ യൂണിറ്റിന് പകരം ബിഎസ്-VI കംപ്ലയിന്റ് 1.2 ലിറ്റർ ഡ്യുവൽജെറ്റ് പെട്രോൾ എഞ്ചിൻ ഉപയോഗിച്ച് സ്വിഫ്റ്റിനെ മാരുതി സുസുക്കി പരിഷ്ക്കരിക്കും. ഇത് ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിൽ കമ്പനി അടുത്തിടെ അവതരിപ്പിച്ച അതേ യൂണിറ്റാണ്.

പുതിയ ഡ്യുവൽജെറ്റ് എഞ്ചിൻ നിലവിലെ പെട്രോൾ എഞ്ചിനേക്കാൽ കരുത്തേറിയതും ഇന്ധനക്ഷമത കൂടുതൽ വാഗ്‌ദാനം ചെയ്യുന്നതുമായിരിക്കും. പുതിയ ഡിസയറിൽ ഈ യൂണിറ്റ് പരമാവധി 90 bhp പവറും 113 Nm torque ഉം സൃഷ്‌ടിക്കും. ഇതിന്റെ മാനുവൽ പതിപ്പിന് 23.26 കിലോമീറ്റർ മൈലേജും ഓട്ടോമാറ്റിക് മോഡലിന് 24.14 കിലോമീറ്റർ ഇന്ധനക്ഷമതയുമാണ് മാരുതി അവകാശപ്പെടുന്നത്.

നിലവിലുള്ള 1.2 ലിറ്റർ K12B പെട്രോൾ എഞ്ചിൻ ഉപയോഗിക്കുന്ന വാഗൺആർ ഹാച്ച്ബാക്കിലും ഇഗ്നിസ് കോംപാക്റ്റ് കാറിലും പുതിയ ഡ്യുവൽജെറ്റ് യൂണിറ്റ് സ്ഥാപിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2020 മാരുതി സുസുക്കി സ്വിഫ്റ്റ് ഫെയ്‌സ്‌ലിഫ്റ്റിനെക്കുറിച്ച് പറയുമ്പോൾ, മോഡലിന് കുറച്ച് പുതിയ സവിശേഷതകൾക്കൊപ്പം ചെറിയ ഡിസൈൻ മാറ്റങ്ങൾക്കും സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ട്.

പുതിയ ഡിസയർ-പ്രചോദിത ഗ്രിൽ, നവീകരിച്ച മുൻ-പിൻ ബമ്പറുകൾ, പുതുതായി രൂപകൽപ്പന ചെയ്‌ത ഫോഗ് ലാമ്പുകൾ, പുതിയ സെറ്റ് അലോയ് വീലുകൾ എന്നിവ ഉപയോഗിച്ച് പുറംമോടി കമ്പനി പരിഷ്ക്കരിക്കുമ്പോൾ വാഹനത്തിന് ഒരു പുത്തൻ രൂപം തന്നെ ഒരുങ്ങിയേക്കും.

ഇപ്പോൾ പരിഷ്ക്കരിച്ച ഇൻഫോടെയിൻമെന്റ് സിസ്റ്റം ഫെയ്‌സ്‌ലിഫ്റ്റഡ് മോഡലിൽ തുടർന്നും വാഗ്‌ദാനം ചെയ്യും. ഡിസയർ ഫെയ്‌സ്‌ലിഫ്റ്റിൽ നമ്മൾ കണ്ടതുപോലെ ഹാച്ച്ബാക്കിന് ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ (ESC), ഹിൽ ഹോൾഡ് അസിസ്റ്റ് എന്നിവയും ലഭിച്ചേക്കാം. ഓട്ടോ റോൾ വ്യൂ മിററുകൾ, ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിനായുള്ള മൾട്ടി-കളർ 4.2 ഇഞ്ച് മൾട്ടി ഇൻഫർമേഷൻ ഡിസ്‌പ്ലേ എന്നിവയും ഓഫറിൽ ഉൾപ്പെട്ടേക്കും.

Comments are closed.