വിരമിക്കാന്‍ ഒരുമാസം ബാക്കി നില്‍ക്കെ ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസ്
തിരുവനന്തപുരം: വിരമിക്കാന്‍ ഒരുമാസം ബാക്കി നില്‍ക്കെ സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഉദ്യോഗസ്ഥന് ജേക്കബ് തോമസിനെതിരെ അനധികൃത സ്വത്ത് സമ്പാദനത്തിന് കേസെടുത്തു. ജേക്കബ് തോമസിന്റെ തമിഴ്നാട്ടിലെ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട ക്രൈംബ്രാഞ്ച് ഡയറക്ടറുടെ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷമാണ് ആഭ്യന്തര അഡീഷണല്‍ ചീഫ് സെക്രട്ടറി അഴിമതി നിരോധന നിയമപ്രകാരം കേസടുക്കാന്‍ അനുമതി നല്‍കിയത്.
തുടര്‍ന്ന് ക്രൈംബ്രാഞ്ച് നാളെ തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ എഫ്ഐആര്‍ കൈമാറും. കേസന്വേഷണം ക്രൈംബ്രാഞ്ച് വിജിലന്‍സിന് കൈമാറും. തമിഴ്നാട്ടിലെ വിരുദുനഗര്‍ ജില്ലയിലെ രാജപാളയം താലൂക്കില്‍ 2001 നവംബര്‍ 15-നാണ് 50.33 ഏക്കര്‍ ഭൂമി ഇടപാട് രജിസ്റ്റര്‍ ചെയ്തത്. ഇത് സര്‍ക്കാര്‍ രേഖകളില്‍ ജേക്കബ് തോമസ് കാണിച്ചിരുന്നില്ല. തുടര്‍ന്ന് ബിനാമി സ്വത്തിടപാട് ആണെന്ന് കാട്ടി ജേക്കബ് തോമസിനെതിരെ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു.
എന്നാല്‍ ജേക്കബ് തോമസ് ഇതിനെതിരെ ഹൈക്കോടതിയില്‍ നിന്നും സ്റ്റേ വാങ്ങി. എന്നാല്‍,സ്രാവുകള്‍ക്കൊപ്പം നീന്തുമ്പോള്‍ എന്ന പുസ്തകത്തില്‍ ജേക്കബ് തോമസ് ഈ ഭൂമി ഇടപാട് സമ്മതിച്ചിട്ടുണ്ട്. അതിനാല്‍ ഇത് ബിനാമി ഇടപാടല്ലെന്നും അനധികൃത സ്വത്ത് സമ്പാദനകേസായി കാണാം എന്നുമായിരുന്നു ക്രൈം ബ്രാഞ്ച് ശുപാര്‍ശ ചെയ്തത്. കൂടാതെ വാര്‍ഷിക സ്വത്ത് വിവര റിപ്പോര്‍ട്ടില്‍ ജേക്കബ് തോമസ് ഇത് മറച്ചുവക്കുകയും ചെയ്തു, കേസ് രജിസ്റ്റര്‍ ചെയ്തതോടെ ജേക്കബ് തോമസിനെ വീണ്ടും സസ്പെന്‍ഡ് ചെയ്യാനുമാണ് സാധ്യത.
Comments are closed.