Ultimate magazine theme for WordPress.

മഴക്കാലപൂര്‍വ്വ ശുചീകരണം ഊര്‍ജിതമായി നടത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ്-19ന്റെ പശ്ചാത്തലത്തിൽ സർക്കാർ നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങള്‍ക്കകത്തു നിന്ന് മഴക്കാലപൂര്‍വ്വ ശുചീകരണവും പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമായി നടത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദേശിച്ചു. ഇതുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

മാറ്റിവെക്കാന്‍ കഴിയാത്ത പ്രവര്‍ത്തനമാണ് മഴക്കാലപൂര്‍വ്വ ശുചീകരണം. മഴക്കാലത്ത് സാധാരണ പലതരം പനിയും പകര്‍ച്ചവ്യാധികളും മറ്റ് അസുഖങ്ങളും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടാറുണ്ട്. വീടും പൊതുസ്ഥലങ്ങളും ശുചിയായി സൂക്ഷിക്കാന്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ഇടപെടണമെന്ന് നേരത്തെ തന്നെ പറഞ്ഞിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.
ഹോട്സ്പോട്ട് ജില്ലകളിലെ വീടും പരിസരവും വൃത്തിയാക്കാനാകണം.
പൊതുസ്ഥലങ്ങളും കെട്ടിടങ്ങളും ഓഫീസുകളും ഒരു ദിവസം ശുചീകരണം നടത്തണം. നിശ്ചിത അകലം പാലിച്ച് അഞ്ചില്‍ കൂടുതലല്ലാതെ ആളുകളെ ഉപയോഗിച്ച് ശുചീകരണ പ്രവര്‍ത്തനം നടത്തുന്നത് തദ്ദേശ സ്ഥാപനങ്ങള്‍ ആലോചിക്കണം. വെള്ളക്കെട്ട് ഉണ്ടാകാതെ ശ്രദ്ധിക്കണം. ഖരമാലിന്യങ്ങള്‍ ഓടകളിലും അഴുക്കുചാലുകളിലും നിക്ഷേപിക്കാതിരിക്കാന്‍ പ്രത്യേക ശ്രദ്ധ വേണം. ഇത്തരം സ്ഥലങ്ങളിലെ മാലിന്യം നീക്കം ചെയ്ത് പ്രാദേശികമായി സംസ്കരിക്കാന്‍ സംവിധാനം ഉണ്ടാക്കണം. ആവശ്യമായ ബോധവല്‍ക്കരണവും ഇക്കാര്യത്തില്‍ നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അതിഥിതൊഴിലാളികളെ കൂടി ഉൾപ്പെടുത്തി കുളങ്ങളും, തോടുകളും വൃത്തിയാക്കണം. ഹരിതകര്‍മസേന, സാമൂഹ്യസന്നദ്ധ സേന എന്നിവയുടെ ഏകോപന പ്രവര്‍ത്തനങ്ങള്‍ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്ന് പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട ഉന്നതതലയോഗത്തില്‍ മുഖ്യമന്ത്രി പറഞ്ഞു.

ഷിബു കൂട്ടുംവാതുക്കൽ

Comments are closed.