മുംബൈയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ മതിയായ സൗകര്യങ്ങളില്ലാതെ ആശുപത്രികള്‍

മുംബൈ: മുംബൈയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ ആവശ്യത്തിന് ബെഡുകള്‍ പോലുമില്ല. കടുത്ത നിയന്ത്രണങ്ങളേര്‍പ്പെടുത്തിയും ടെസ്റ്റുകളുടെ എണ്ണം വര്‍ധിപ്പിച്ചും മുംബൈയില്‍ കൊവിഡിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുകയാണ് ആരോഗ്യപ്രവര്‍ത്തകര്‍. മുംബൈയിലെ ഏറ്റവും വലിയ കൊവിഡ് ചികിത്സാ കേന്ദ്രമായ നക്ഷത്ര ആശുപത്രിയാണ് സെവന്‍ഹില്‍.

പക്ഷെ ഗുരുതരാവസ്ഥയിലായ ഒരു രോഗിയെ തീവ്രപരിചരണ വിഭാഗത്തിലാക്കണമെങ്കില്‍ പലപ്പോഴും ദിവസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയാണ്. സെവന്‍ഹില്ലില്‍ ആകെ തയാറാക്കിയത് 22 ഐസിയു ബെഡുകളാണ്. ജീവനക്കാരില്ലാത്തതിനാല്‍ പ്രവര്‍ത്തിക്കുന്നതാകട്ടെ 8 എണ്ണം മാത്രം. കോവിഡ് ആശുപത്രികളാക്കിമാറ്റിയ കസ്തൂര്‍ബ, രാജേവാഡി ആശുപത്രികളിലാവട്ടെ തീവ്രപരിചരണ വിഭാഗമില്ല. അതേസമയം ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും രോഗം സ്ഥിരീകരിച്ചതോടെ 15ലേറെ പ്രധാനപ്പെട്ട ആശുപത്രികള്‍ പൂട്ടിയിരിക്കുകയാണ്.

കൊവിഡ് ബാധിച്ച് മുംബൈയില്‍ ജീവന്‍നഷ്ടമായവരില്‍ 87 ശതമാനവും ഗുരുതര ആരോഗ്യപ്രശ്നങ്ങളുള്ളവരാണ്. എട്ടു ശതമാനം പേര്‍ വാര്‍ധക്യ സഹജമായ രോഗങ്ങളുള്ളവരുമാണ്. അതേസമയം ആശുപത്രികളിലേതടക്കം 200 ഐസിയു ബെഡുകള്‍ മുംബൈയില്‍ കൊവിഡിന് വേണ്ടി തയാറാക്കിയെന്നാണ് സര്‍ക്കാര്‍ വാദം. 500പേരെയെങ്കിലും ചികിത്സിക്കാവുന്ന തീവ്രപരിചരണ സംവിധാനം ഒരുക്കിയില്ലെങ്കില്‍ മുംബൈയില്‍ സ്ഥിതി ഗുരുതരമായ അവസ്ഥയിലെത്തും.

Comments are closed.