Ultimate magazine theme for WordPress.

കൊവിഡ് വ്യാപനം : കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി

കോഴിക്കോട്: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി കോഴിക്കോട് ജില്ലയിലെ 12 ഗ്രാമപഞ്ചായത്തുകളിലെ 15 വാര്‍ഡുകളിലും കോഴിക്കോട് കോര്‍പറേഷനിലെ ഏഴ് വാര്‍ഡുകളിലും കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.

കിഴക്കോത്ത് (12ാം വാര്‍ഡ്), വേളം (16), ആയഞ്ചേരി (2), ഉണ്ണികുളം (6), മടവൂര്‍ (6), അഴിയൂര്‍ (4,5), ചെക്യാട് (10), തിരുവള്ളൂര്‍ (14), നാദാപുരം (15), ചങ്ങരേത്ത് (3), കായക്കൊടി (6,7,8), എടച്ചേരി (16) എന്നീ ഗ്രാമപഞ്ചായത്തുകളിലെയും കോഴിക്കോട് കോര്‍പ്പറേഷനിലെയും (42, 43, 44, 45, 54, 55, 56 വാര്‍ഡുകള്‍) കൊവിഡ് ഹോട്സ്പോട്ടായ വാര്‍ഡുകളിലാണ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്.

തുടര്‍ന്ന് ഈ വാര്‍ഡുകള്‍ക്കകത്തെ റോഡുകളിലൂടെ വാഹനഗതാഗതം പാടില്ല. അവശ്യവസ്തുക്കളുടെ വിതരണത്തിന് വരുന്ന വാഹനങ്ങള്‍ക്ക് നിരോധനം ബാധകമല്ല. ഇവിടങ്ങളിലുള്ളവര്‍ അടിയന്തര വൈദ്യസഹായത്തിനല്ലാതെ വാര്‍ഡിന് പുറത്തേക്ക് സഞ്ചരിക്കുന്നതും മറ്റുള്ളവര്‍ മേല്‍ പറഞ്ഞ വാര്‍ഡുകളിലേക്ക് പ്രവേശിക്കുന്നതും വിലക്കേര്‍പ്പെടുത്തിയിരിക്കുകയാണ്.

അതേസമയം ഭക്ഷ്യ /അവശ്യ വസ്തുക്കള്‍ കച്ചവടം ചെയ്യുന്ന സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ 11 മണിവരെയും പൊതുവിതരണ സ്ഥാപനങ്ങള്‍ രാവിലെ 8 മുതല്‍ 2 മണിവരെയും മാത്രമേ പ്രവര്‍ത്തിപ്പിക്കാന്‍ പാടുള്ളു. വീടുകള്‍ക്ക് പുറത്ത് ഒരുകാരണവശാലും ആളുകള്‍ കൂട്ടം കൂടി നില്‍ക്കാന്‍ പാടില്ല.

പൊലീസ് നിരീക്ഷണം ശക്തിപ്പെടുത്താനാവശ്യമായ നടപടികള്‍ ജില്ലാ പൊലീസ് മേധാവികള്‍ സ്വീകരിക്കണമെന്ന് കളക്ടര്‍ അറിയിച്ചു. എന്നാല്‍ ഉത്തരവ് പാലിക്കപ്പെടാത്തപക്ഷം ഐ.പി.സി സെക്ഷന്‍ 188, 269 പ്രകാരം ബന്ധപ്പെട്ടവരുടെ പേരില്‍ കര്‍ശന നടപടികളുണ്ടാവും.

Comments are closed.