ഹീറോ AE-47 ഇലക്ട്രിക് മോട്ടോര്‍സൈക്കിളിന്റെ ലോഞ്ച് 2021 -ലേക്ക് മാറ്റി

2020 ഓട്ടോ എക്‌സ്‌പോയിൽ പ്രദർശിപ്പിച്ച ഹീറോ AE-47 ഇലക്ട്രിക് മോട്ടോർസൈക്കിളിന്റെ ലോഞ്ച് നിർമ്മാതാക്കൾ 2021 -ലേക്ക് പുനക്രമീകരിച്ചു. ഫോട്ടോൺ, ഒപ്റ്റിമ, ഫ്ലാഷ് തുടങ്ങിയ ജനപ്രിയ ഇലക്ട്രിക് സ്‌കൂട്ടറുകൾക്ക് പേരുകേട്ട ഹീറോ ഇലക്ട്രിക് പുറത്തിറക്കിയ ആദ്യത്തെ ഇലക്ട്രിക് മോട്ടോർസൈക്കിളാണിത്. തികച്ചും വ്യത്യസ്തമായ ബിസിനസ്സ് സ്ഥാപനമായ ഹീറോ മോട്ടോകോർപ്പുമായി ഹീറോ ഇലക്ട്രിക്കിനെ ആരും തെറ്റിദ്ധരിക്കരുത്.

രാജ്യത്തെ ഇലക്ട്രിക് ഇരുചക്ര വാഹന മാർക്കറ്റ് ഒരു പ്രാരംഭ ഘട്ടത്തിലാണ്, ഈ ശ്രേണിയിൽ അതിവേഗ ഇലക്ട്രിക് വാഹനങ്ങൾക്ക് പരിമിതമായ ഡിമാൻഡുകളാണ് നിലവിലുള്ളത്. ഹീറോ AE-47 -ന് ഏകദേശം 2.0 ലക്ഷം രൂപ വില പ്രതീക്ഷിക്കാം.

ഇലക്ട്രിക് സ്കൂട്ടറുകളുമായി താരതമ്യപ്പെടുത്തുമ്പോൾ, ഇലക്ട്രിക് മോട്ടോർസൈക്കിളുകൾക്ക് നിരവധി പരിമിതികളുണ്ട്. 50-60 കിലോമീറ്റർ വേഗതയിൽ സ്‌കൂട്ടർ ഉപയോക്താക്കൾ സന്തുഷ്ടരാകും, എന്നാൽ മോട്ടോർ സൈക്കിൾ ഉപഭോക്താക്കൾക്ക് ഇത് മതിയാവില്ല.

അതിനാൽ 85 കിലോമീറ്റർ വേഗത AE-47 വാഗ്ദാനം ചെയ്യുന്നു. എന്നിരുന്നാലും, ഉയർന്ന വേഗതയിൽ ബാറ്ററി ചാർജ് വേഗത്തിൽ ചോർന്നുപോകുന്നു, ഇത് വിലയേറിയതും ഉയർന്ന ശേഷിയുള്ളതുമായ ബാറ്ററികൾ ഉപയോഗിക്കാൻ നിർമ്മാതാക്കളെ പ്രേരിപ്പിക്കുന്നു.

ഉയർന്ന ശേഷിയുള്ള ബാറ്ററികൾ ഭാരമേറിയതും വലുപ്പമുള്ളതുമാണ് എന്നതാണ് മറ്റൊരു വെല്ലുവിളി. ഇത് ഒരു സാധാരണ വലുപ്പമുള്ള മോട്ടോർസൈക്കിളിൽ ഘടിപ്പിക്കുന്നത് ബുദ്ധിമുട്ടാക്കുന്നു. 4000 W മോട്ടോറിന് കരുത്ത് നൽകുന്ന 48V / 3.5 kWh ലിഥിയം അയൺ ബാറ്ററി പായ്ക്കാണ് AE-47 ഉപയോഗിക്കുന്നത്. ഇക്കോ മോഡിൽ 160 കിലോമീറ്ററും പവർ മോഡിൽ 85 കിലോമീറ്റർ മൈലേജും മോട്ടോർസൈക്കിൽ നൽകുന്നു.

AE-47 ന് 9.0 സെക്കൻഡിനുള്ളിൽ 0-60 കിലോമീറ്റർ വേഗത കൈവരിക്കാൻ കഴിയും. റിവോൾട്ട് RV400 ആണ് വിപണിയിൽ AE-47 -ന്റെ പ്രധാന എതിരാളി.

Comments are closed.