എര്‍ട്ടിഗയില്‍ 7.0 ഇഞ്ച് സ്മാര്‍ട്ട്‌പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനം നവീകരിച്ച് മാരുതി സുസുക്കി

എംപിവി ശ്രേണിയിലെ ജനപ്രീയ മോഡലായ എര്‍ട്ടിഗയെ നവീകരിച്ച് നിര്‍മ്മാതാക്കളായ മാരുതി സുസുക്കി. 7.0 ഇഞ്ച് സ്മാര്‍ട്ട്പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയിന്‍മെന്റ് സംവിധാനമാണ് നവീകരിച്ച് മോഡലില്‍ കമ്പനി ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍ പ്ലേ, ബ്ലുടൂത്ത് കണക്ടിവിറ്റി എന്നീ സൗകര്യങ്ങള്‍ എല്ലാം തന്നെ ഇതില്‍ ലഭ്യമാണ്. മോഡലിന്റെ ഉയര്‍ന്ന പതിപ്പായ ZXi+ മാത്രമാണ് ഈ സംവിധാനം കമ്പനി ഉള്‍പ്പെടുത്തിയിരുന്നത്.

പുതിയ സംവിധാനം ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വിലയില്‍ മാറ്റമില്ലെന്ന് കമ്പനി അറിയിച്ചിട്ടുണ്ട്. 9.71 ലക്ഷം രൂപയാണ് വാഹനത്തിന്റെ എക്‌സ്‌ഷോറും വില. 1.5 ലിറ്റര്‍ ബിഎസ് VI എഞ്ചിനാണ് വാഹനത്തിന് കരുത്ത് നല്‍കുന്നത്. ഈ എഞ്ചിന്‍ 104 bhp കരുത്തും 114 Nm torque ഉം സൃഷ്ടിക്കും. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്.

പെട്രോള്‍ ഡീസല്‍ എഞ്ചിനുകളിലായിരുന്നു ആദ്യനാളുകളില്‍ വാഹനം വിപണിയില്‍ എത്തിയിരുന്നത്. എന്നാല്‍ അടുത്തിടെ ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിച്ചു. ബിഎസ് VI എഞ്ചിനിലേക്ക് ഡീസല്‍ പതിപ്പിനെ നവീകരിക്കില്ലെന്ന് മാരുതി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതിന്റെ ഭാഗമായിട്ടാണ് ഡീസല്‍ പതിപ്പിന്റെ വില്‍പ്പന കമ്പനി അവസാനിപ്പിക്കുന്നത്. 1.5 ലിറ്റര്‍ ഡീസല്‍ എഞ്ചിന്റെ വില്‍പ്പനയാണ് കമ്പനി അവസാനിപ്പിച്ചത്. ഈ എഞ്ചിന്‍ 94 bhp കരുത്തും 225 Nm torque ഉം ഉത്പാദിപ്പിക്കുന്നത്.

ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമായിട്ടാണ് എഞ്ചിന്‍ ഘടിപ്പിച്ചിരിക്കുന്നത്. ക്രോം ആവരണത്തോടുകൂടിയ വലിയ ഗ്രില്‍, എല്‍ഇഡി പ്രൊജക്ട് ഹെഡ്ലാമ്പുകള്‍, ഒഴുകിയിറങ്ങുന്ന ശൈലിയിലുള്ള മേല്‍ക്കൂര, 15 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് മുന്‍വശത്തെ സവിശേഷതകള്‍. പിന്നിലും കമ്പനി മാറ്റങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

L ആകൃതിയിലുള്ള ടെയില്‍ ലാമ്പാണ് പിന്നിലെ പുതുമ. ഭാരം കുറഞ്ഞ ഹിയര്‍ടെക്റ്റ് പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയാണ് വാഹനത്തിന്റെ നിര്‍മ്മാണം. പുഷ് ബട്ടണ്‍ സ്റ്റാര്‍ട്ട്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍, കീലെസ് എന്‍ട്രി, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവയും വാഹനത്തിലുണ്ട്.

സുരക്ഷയ്ക്കായി ഡ്യുവല്‍ എയര്‍ബാഗ്, ആന്റി ലോക്ക് ബ്രേക്കിങ്, ഇലക്ട്രോണിക് ബ്രേക്ക് ഫോഴ്‌സ് ഡിസ്ട്രിബ്യൂഷന്‍, ISOFIX ചൈല്‍ഡ് സീറ്റ് മൗണ്ട്‌സ്, റിയര്‍ പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് സെന്‍സിറ്റീവ് ഡോര്‍ ലോക്ക്‌സ്, സെന്‍ട്രല്‍ ലോക്കിങ് തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിലുണ്ട്.

Comments are closed.