രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 957 പേര്‍ കൊവിഡ് ബാധിതതരായി ; ആകെ കൊവിഡ് മരണം 488 ആയി

ദില്ലി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 957 പേര്‍ക്ക് കൊവിഡ് ബാധയുണ്ടായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ കണക്ക് പ്രകാരം രാജ്യത്ത് ഒട്ടാകെ 14,792 പേര്‍ക്കാണ് ഇതുവരെ കൊവിഡ് 19 സ്ഥിരീകരിച്ചത്. ഇന്നലെ മാത്രം 36 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം 488 ആയി.

അതേസമയം 12,289 പേരാണ് ചികിത്സയില്‍ ഉള്ളത്. 1766 പേര്‍ രാജ്യത്താകെ രോഗവിമുക്തരായെന്നും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. അതേസമയം, ദില്ലിയില്‍ കൊവിഡ് രോഗികളുടെ എണ്ണം ആയിരത്തിയെണ്ണൂറ് കടന്നു. ഇന്നലെ മാത്രം ദില്ലിയില്‍ 186 പേര്‍ രോഗബാധിതരായി. ദില്ലി സര്‍ക്കാര്‍ ഹോട്ട്‌സ്‌പോട്ടായി പ്രഖ്യാപിച്ച ജഗാംഗീര്‍ പുരിയിലെ ഒരു കുടുംബത്തിലെ 26 അംഗങ്ങള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.

ഇവര്‍ ജഗാംഗീര്‍ പുരയില്‍ തന്നെ പല വീടുകളായിട്ടാണ് താമസിച്ചിരുന്നത്. എന്നാല്‍ ഇവര്‍ സാമൂഹിക അകലം അടക്കമുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍ പാലിച്ചിരുന്നില്ലെന്ന് ദില്ലി സര്‍ക്കാര്‍ വ്യക്തമാക്കി. അതേസമയം എംയിസിലെ നഴ്‌സിംഗ് ഓഫീസര്‍ക്കും ഒന്നര വയസ്സുള്ള കുഞ്ഞിനും കൊവിഡ് രോഗികളായി. ഇവരുടെ ഭര്‍ത്താവിന് നേരത്തെ രോഗം കണ്ടെത്തിയിരുന്നു.

Comments are closed.