ലോകത്ത് കൊവിഡ് മരണം 1,60,000 ; ആകെ രോഗബാധിതരുടെ എണ്ണം 23,29000 കടന്നു

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് മരണം 1,60,000 പിന്നിട്ടു. ആകെ രോഗബാധിതരുടെ എണ്ണം 23,29000 കടന്നു. അതേസമയം അമേരിക്കയില്‍ മരണം 39,000 കടന്നു. ഇരുപത്തിനാല് മണിക്കൂറിനിടെ അമേരിക്കയില്‍ 1800 ലധികം പേരാണ് മരിച്ചത്. സ്‌പെയ്‌നില്‍ 637 പേരും ഫ്രാന്‍സില്‍ 642 പേരും ഇറ്റലിയില്‍ 482 പേരും ബ്രിട്ടനില്‍ 888 പേരും മരിച്ചിരുന്നു.

അമേരിക്കയിലെ സ്ഥിരീകരിച്ച കൊവിഡ് രോഗികളുടെ എണ്ണം ഏഴ് ലക്ഷത്തി നാല്പത്തിനായിരത്തിലേക്ക് അടുക്കുന്നു. അതേസമയം ന്യൂയോര്‍ക്ക് സംസ്ഥാനത്ത് സ്ഥിതി മെച്ചപ്പെടുന്ന അവസ്ഥയാണുള്ളതെന്ന് ഗവര്‍ണര്‍ ആന്‍ഡ്രൂ ക്വോമോ വ്യക്തമാക്കി.

ന്യൂയോര്‍ക്ക് നഗരത്തില്‍ അവിടുത്തെ മെട്രോ ട്രെയിനുകള്‍ ഈ കൊവിഡ് കാലത്തും അവശ്യ സര്‍വീസ് ആയി പ്രവര്‍ത്തിക്കുന്നുണ്ട്. ഇറ്റലിയില്‍ താത്ക്കാലിക മോര്‍ച്ചറിയായി പ്രവര്‍ത്തിച്ച പള്ളി അടച്ചു. സ്‌പെയിനില്‍ അടുത്തയാഴ്ച മുതല്‍ കുട്ടികള്‍ക്ക് പുറത്തിറങ്ങാം.

എന്നാല്‍ യൂറോപ്പില്‍ കൊവിഡ് മരണം ഒരു ലക്ഷത്തിലേക്ക് അടുക്കുകയാണ്. ബ്രിട്ടണില്‍ ഇതിനോടകം മരണസംഖ്യ പതിനയ്യായിരം കടന്നു. പോളണ്ടില്‍ കൊവിഡ് വ്യാപനം ഗുരുതരമായി തുടരുന്നു. ദിവസവും ഇരുപതോളം പേരാണ് പോളണ്ടില്‍ മരണമടയുന്നത്.

Comments are closed.