ജല അതോറിട്ടി നടപ്പിലാക്കുന്ന പദ്ധതികളില്‍ പരിശോധിക്കാനുള്ള അധികാരം ഇനി കിഫ്ബിക്ക് മാത്രം

തിരുവനന്തപുരം: കിഫ്ബിയുടെ അഭ്യര്‍ത്ഥനയുടെ അടിസ്ഥാനത്തില്‍ കിഫ് ബിക്ക് കീഴില്‍ ജല അതോറിട്ടി നടപ്പിലാക്കുന്ന പദ്ധതികളില്‍ ജല വിഭവ വകുപ്പ് ഇന്‍സ്‌പെക്ഷന്‍ ടീം പരിശോധന നടത്തണമെന്ന ഉത്തരവ് റദ്ദാക്കി. തുുടര്‍ന്ന് കഴിഞ്ഞ 16 നാണ് ജലവിഭവ വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി ഇത് സംബന്ധിച്ച ഉത്തരവ് ജലവിഭവ വകുപ്പ് സെക്രട്ടറിക്ക് നല്‍കിയത്. കിഫ്ബി പദ്ധതികളില്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ പരിശോധന ധനവകുപ്പ് വിലക്കിയിരുന്നു.

തുടര്‍ന്ന് കിഫ്ബി വായ്പ വഴി ജലവിഭവ വകുപ്പ് നടത്തുന്ന 22 കോടിയുടെ പദ്ധതിയിലെ പരിശോധനയെ ചൊല്ലി ജലവിഭവവകുപ്പും കിഫ്ബിയും തമ്മില്‍ തര്‍ക്കത്തിലായിരുന്നു. തുടര്‍ന്ന് ജലവിഭവവകുപ്പ് നാല് ഉദ്യോഗസ്ഥരെടങ്ങുന്ന സംഘത്തെ അന്വേഷണത്തിന് നിയോഗിച്ചിരുന്നു. ഇതിനെ കിഫ്ബി സിഇഒ കെ എം എബ്രഹാം ശക്തമായി എതിര്‍ത്തു.

കിഫ്ബി പദ്ധതികളുടെ പരിശോധന അധികാരം കിഫ്ബിയുടെ സാങ്കേതിക സമിതിക്ക് മാത്രമാണെന്ന് ചൂണ്ടികാട്ടി കെ.എം എബ്രഹാം ജലവിഭവകുപ്പ് മന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. എന്നാല്‍ ഉത്തരവ് ജലവിഭവവകുപ്പ് ഉത്തരവ് തിരുത്താതിനെ തുടര്‍ന്ന് കിഫ്ബി വായ്പ നല്‍കുന്നത് തന്നെ നിര്‍ത്തിവച്ചു. പരിശോധനയ്ക്കുള്ള അധികാരം വായ്പ നല്‍കുന്ന ഏജന്‍സിയിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നതില്‍ മറ്റ് വകുപ്പ് മേധാവിമാരും വിയോജിപ്പ് പ്രകടിപ്പിച്ചു.

ഇതിന് പിന്നാലെയാണ് കിഫ്ബി സിഇഒയുടെ വാദങ്ങളെ ന്യായീകരിച്ച് ധനവകുപ്പ് പുതിയ ഉത്തരവ് ഇറക്കിയത്. അതിനാല്‍ കിഫ്ബിയിലെ സാങ്കേതിക സമിതിക്കും, ഭരണ നിര്‍വ്വഹണ പരിശോധനാ വിഭാഗത്തിനും മാത്രമായിരിക്കും ഇനി മുതല്‍ എല്ലാ പദ്ധതികളും പരിശോധിക്കാനുള്ള അധികാരമെന്നാണ് ഉത്തരവ്. അതായത് മറ്റ് വകുപ്പുകളുടെ പരിശോധനക്ക് അടക്കം വിലക്കുണ്ട്. കിഫ്ബി നിയമത്തിലെ ചട്ടം 17 പ്രകാരം സര്‍ക്കാര്‍ നിയോഗിക്കുന്ന ഏത് ഏജന്‍സിക്കും പരിശോധന നടത്താനുള്ള അധികാരമുണ്ട്.

Comments are closed.