2021 -ഓടെ ഒക്ടാവിയായുടെ പുതുതലമുറ ഇന്ത്യന്‍ വിപണിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്

2021 -ഓടെ മാത്രമേ ഒക്ടാവിയായുടെ പുതുതലമുറ ഇന്ത്യന്‍ വിപണിയില്‍ എത്തുകയുള്ളുവെന്ന് കമ്പനി വക്താവ് അറിയിച്ചു. എന്നാല്‍ ചില മോഡലുകളെ ഈ വര്‍ഷം തന്നെ അവതരിപ്പിക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

കരോക്കിനെ ഡിജിറ്റലായി അവതരിപ്പിക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്തായാലും വാഹനത്തിന്റെ ബുക്കിങ് കമ്പനി ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. 50,000 രൂപയാണ് ബുക്കിങ് തുകയായി ഉപഭോക്താക്കളില്‍ നിന്നും കമ്പനി വാങ്ങുന്നത്. മെയ് പകുതിയോടെ വാഹനം ഉപഭോക്താക്കള്‍ക്ക് കൈമാറുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

ഇതിന് പിന്നാലെയാണ് ഇപ്പോള്‍ സൂപ്പര്‍ബ് സെഡാന്റെ കാര്യത്തിലും അറിയിപ്പ് ഉണ്ടായിരിക്കുന്നത്. ഈ വര്‍ഷം തന്നെ വാഹനം വിപണിയില്‍ എത്തും. ലഭിക്കുന്ന സുചനകള്‍ പ്രകാരം മെയ് മാസത്തില്‍ വാഹനത്തിന്റെ ഇന്ത്യയിലേക്കുള്ള അരങ്ങേറ്റം പ്രതീക്ഷിക്കാമെന്നാണ് പുതിയ റിപ്പോര്‍ട്ട്.

ആഗോള വിപണിയില്‍ സ്‌കോഡയുടെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്ന മോഡലുകളില്‍ ഒന്നുകൂടിയാണ് ഈ വാഹനം. നിലവില്‍ 2015-ല്‍ പുറത്തിറങ്ങിയ മൂന്നാം തലമുറ സൂപ്പര്‍ബാണ് നിരത്തിലോടുന്നത്. 2019 -ല്‍ പരിഷ്‌കരണത്തോടെ വാഹനം ഇന്ത്യന്‍ വിപണിയില്‍ എത്തുകയും ചെയതു.

എന്നാല്‍ ഇതില്‍ നിന്ന് നിരവധി മാറ്റങ്ങള്‍ സഹിതമാണ് പുതിയ സൂപ്പര്‍ബ് എത്തുന്നത്. പുതുക്കിയ ഗ്രില്ലും പുതിയ ഫ്രണ്ട് ബമ്പറും ക്രോം ആക്സന്റുകളും വാഹനത്തിന്റെ പുറംമോടിയിലെ സവിശേഷതകളാണ്. അതോടൊപ്പം പൂര്‍ണ എല്‍ഇഡി മാട്രിക്സ് ഹെഡ്‌ലാമ്പുകള്‍ അലങ്കരിക്കുന്ന ആദ്യത്തെ മോഡലുകൂടിയാകും 2020 സ്‌കോഡ സൂപ്പര്‍ബ്.

പിന്നിലെ ബ്രാന്റ് ലോഗോയ്ക്ക് പകരം സ്‌കോഡ ലെറ്ററിങ്, ഡിസൈന്‍ മാറ്റത്തോടെ ടെയില്‍ ലാമ്പുകള്‍ എന്നിവ പുതിയ സൂപ്പര്‍ബിനെ വ്യത്യസ്തമാക്കും. അകത്തളത്തിലും കാര്യമായ മാറ്റങ്ങള്‍ കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

നവീകരിച്ച ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, വെര്‍ച്വല്‍ കോക്ക്പിറ്റ് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, വയര്‍ലെസ് ചാര്‍ജര്‍ പോലുള്ള ഉപകരണങ്ങള്‍ എന്നിവ അകത്തളത്തെ ആഢംബരമാക്കും.

2.0 ലിറ്റര്‍ TSI ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എഞ്ചിനാണ് വാഹനത്തിന്റെ കരുത്ത്. ഈ എഞ്ചിന്‍ 190 bhp കരുത്തില്‍ 320 Nm torque ഉം ഉത്പാദിപ്പിക്കും. ഏഴ് സ്പീഡ് ഡിഎസ്ജി ഓട്ടോമാറ്റിക് ഗിയര്‍ബോക്സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്.

Comments are closed.