കൊവിഡ് പശ്ചാത്തലത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താസമ്മേളനം ഇന്ന് വീണ്ടും തുടങ്ങും

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തിലുള്ള മുഖ്യമന്ത്രിയുടെ പ്രത്യേക വാര്‍ത്താസമ്മേളനം ഇന്ന് വീണ്ടും തുടങ്ങുകയാണ്. സിപിഎം സെക്രട്ടറിയേറ്റ് നാളെ ചേരുന്ന സാഹചര്യത്തില്‍ കൊവിഡ് അവലോകനത്തിന് ശേഷം, വൈകീട്ട് ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മാധ്യമങ്ങളെ കാണും. അതേസമയം കൊവിഡ് അവലോകന യോഗം നടക്കുന്ന ദിവസങ്ങളിലെല്ലാം ഇനി വാര്‍ത്താസമ്മേളനങ്ങളും ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരുന്നു.

എന്നാല്‍ വാര്‍ത്താസമ്മേളനങ്ങള്‍ അവസാനിപ്പിക്കുകയാണെന്നും, പ്രധാനപ്പെട്ട എന്തെങ്കിലും വരുമ്പോള്‍ കാണാമെന്നും പറഞ്ഞാണ് കഴിഞ്ഞ വ്യാഴാഴ്ച മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം അവസാനിപ്പിച്ചത്. വിവാദങ്ങളുടെ അടിസ്ഥാനത്തില്‍ മുഖ്യമന്ത്രിക്ക് മറുപടി പറയാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് വാര്‍ത്താസമ്മേളനങ്ങള്‍ നിര്‍ത്തിയതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയടക്കം ആരോപിച്ചിരുന്നു.

സ്പ്രിംക്ലര്‍ വിവാദം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച സമയത്ത് ഇതിനെക്കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ എല്ലാം ഐടി സെക്രട്ടറി പറയും എന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. അമേരിക്കയില്‍ ഡാറ്റാമോഷണത്തിന് കേസ് നേരിടുന്ന കമ്പനിയാണ് സ്പ്രിംക്ളറെന്നും, ഐടി സെക്രട്ടറി ശിവശങ്കര്‍ സ്വകാര്യ കമ്പനിയുടെ ഏജന്റെന്നും വരെ ആരോപണങ്ങളുയര്‍ന്നിരുന്നു.

അതേസമയം മുഖ്യമന്ത്രിയുടെ മകള്‍ വീണയുടെ കമ്പനിയുമായി സ്പ്രിംക്ലറിന് ബന്ധമുണ്ടെന്ന ആരോപണവുമായി പിടി തോമസ് രംഗത്ത് വന്നു. ഇതടക്കമുള്ള സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇന്ന് മാധ്യമങ്ങളെ കാണുന്നത്.

Comments are closed.