കുവൈത്തില്‍ കൊവിഡ് മരണം ഏഴായി 164 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു

കുവൈത്ത് സിറ്റി: കുവൈത്തില്‍ കൊവിഡ് ബാധിച്ച് ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചതോടെ ആകെ മരണം ഏഴായി. 60 വയസ്സുള്ള ഇന്ത്യന്‍ പൗരനാണ് മരിച്ചത്. അതേസമയം 97 ഇന്ത്യക്കാരുള്‍പ്പെടെ 164 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം രാജ്യത്തെ കൊവിഡ് കേസുകളുടെ എണ്ണം 1915 ആയി.

രാജ്യത്തെ കൊവിഡ് ബാധിതരായ ഇന്ത്യക്കാരുടെ എണ്ണം 1085 ആയി. പുതിയ രോഗികളില്‍ ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 158 പേര്‍ക്കു നേരത്തെ കൊവിഡ് സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കത്തെ തുടര്‍ന്നാണ് രോഗബാധയുണ്ടായത്. എന്നാല്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ 25 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്തു കോവിഡ് ഭേദമായവരുടെ എണ്ണം 305 ആയി.

നിലവില്‍ 1603 പേരാണ് ചികിത്സയിലുള്ളത്. ഇതില്‍ 38 പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. 20 പേരുടെ നില ഗുരുതരമാണ്. അതേ സമയം വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുന്ന കുവൈത്ത് പൗരന്മാരെ തിരിച്ചെത്തിക്കാനുള്ള രണ്ടാം ഘട്ട നടപടികള്‍ ആരംഭിച്ചു. വിവിധ രാജ്യങ്ങളിലെ 16 വിമാനത്താവളങ്ങളില്‍ നിന്ന് 75 വിമാനങ്ങളാണ് ഇതിനായി സജ്ജമാക്കിയിരിക്കുന്നത്.

Comments are closed.