കേന്ദ്രത്തിന്റെ വിമര്‍ശനത്തെത്തുടര്‍ന്ന് അനുവദിച്ച ഇളവുകളില്‍ തിരുത്തലുകളുമായി സംസ്ഥാനം
തിരുവനന്തപുരം: കേന്ദ്രത്തിന്റെ വിമര്‍ശനത്തിന് പിന്നാലെ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത ഉന്നതതല യോഗത്തില്‍ അനുവദിച്ച ഇളവുകളില്‍ തിരുത്തലുകളുമായി സംസ്ഥാനം. ഏപ്രില്‍ 15 ന് പുറത്തിറക്കിയ മാര്‍ഗ്ഗനിര്‍ദേശം കേരളം ലംഘിച്ചെന്ന് കാണിച്ച് വിശദീകരണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രാലയം ഇന്നലെ രാത്രി കേരളത്തിലെ ചീഫ് സെക്രട്ടറിക്ക് കത്തയച്ചിരുന്നു.
കേരളം ഇക്കാര്യം തിരുത്തണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് ഇരുചക്ര വാഹനങ്ങളില്‍ പുറകില്‍ യാത്രക്കാര്‍ പാടില്ല, ബാര്‍ബര്‍ഷോപ്പുകള്‍ തുറക്കില്ല, ഹോട്ടലുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല തുടങ്ങി തിരുത്തലുകളാണ് ഉദ്ദേശിക്കുന്നത്. ഹോട്ടലുകളില്‍ പഴയത് പോലെ പാഴ്സലുകള്‍ മാത്രം അനുവദിക്കും. ഇരുന്നു ഭക്ഷണം കഴിക്കാന്‍ അനുവദിക്കില്ല.
മോട്ടോര്‍ സൈക്കിളില്‍ ആളെ പിന്നിലിരുത്തി നടത്തുന്ന യാത്ര നിരോധിച്ചിരിക്കുകയാണ്. അതേസമയം റെസ്റ്റോറന്റുകളിലും മറ്റും ഇരുന്ന് ഭക്ഷണം കഴിക്കാന്‍ അനുവദിച്ചതും കാറില്‍ പിന് സീറ്റില്‍ ഒന്നിലധികം യാത്രക്കാരെ അനുവദിച്ചതും മോട്ടോര്‍സൈക്കിളുകളില്‍ രണ്ടുപേര്‍ യാത്ര ചെയ്യുന്നതും നേരത്തേ നിര്‍ദേശിച്ച മാര്‍ഗ്ഗനിര്‍ദേശത്തിന് വിരുദ്ധം ആണെന്നും ബാര്‍ബര്‍ ഷോപ്പുകളും റസ്റ്റോറന്റുകളും വര്‍ക്ക്ഷോപ്പുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയത് ഗുരുതര ലംഘനമെന്നും എത്രയും വേഗം തിരുത്തണമെന്നും കേന്ദ്രം അറിയിച്ചിരുന്നു.
അതേസമയം മാര്‍ഗ്ഗനിര്‍ദേശം ലംഘിച്ചിട്ടില്ലെന്നും ഇളവ് നല്‍കിയത് കേന്ദ്രവുമായി ആലോചിച്ചെന്നുമാണ് ചീഫ് സെക്രട്ടറി പറഞ്ഞത്. എന്നാല്‍ എല്ലാ ഇളവുകളും കേന്ദ്ര നിര്‍ദേശങ്ങള്‍ക്ക് ഉള്ളില്‍ നിന്നു കൊണ്ടാണ് നല്‍കിയതെന്നും തെറ്റിദ്ധാരണ മൂലമായിരിക്കാം നോട്ടീസെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രനും പറഞ്ഞിരുന്നു. ഇന്ന് മുതല്‍ തിരുവനന്തപുരം ഉള്‍പ്പെടെ ഏഴു ജില്ലകള്‍ക്കാണ് ഇളവ് നല്‍കിയത്.
എന്നാല്‍ തിരുവനന്തപുരത്ത് വാഹനങ്ങളും ആളുകളും വ്യാപകമായി പുറത്തിറങ്ങിയത് ആശങ്കയിലാക്കി. മെയ് മൂന്ന് വരെ ലോക്ക്ഡൗണ്‍ കര്‍ശനമായി തുടരണമെന്നായിരുന്നു കേന്ദ്ര നിര്‍ദ്ദേശം. എന്നാല്‍ ഏപ്രില്‍ 20 മുതല്‍ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഇളവുകളില്‍ കേന്ദ്രം പ്രഖ്യാപിക്കാത്ത കാര്യങ്ങള്‍ കൂടി വന്നതാണ് കേന്ദ്രം ഗൗരവമായി എടുത്തത്.
Comments are closed.