മഹാരാഷ്ട്രയില്‍ 21 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് ; 24 മണിക്കൂറില്‍ 552 പേര്‍ രോഗബാധിതരായി

മുംബൈ: മഹാരാഷ്ട്രയില്‍ 21 മാധ്യമപ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ടിവി റിപ്പോര്‍ട്ടര്‍മാര്‍, ക്യാമറാമേന്‍മാര്‍, പത്ര ഫോട്ടോഗ്രാഫര്‍മാര്‍ എന്നിവരെല്ലാം പട്ടികയിലുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്കൊപ്പം ഡ്യൂട്ടി ചെയ്തിരുന്ന സമ്പര്‍ക്കപട്ടികയില്‍ ഉള്ളവരെ ക്വാറന്റീനിലേക്ക് മാറ്റി. അതേസമയം മഹാരാഷ്ട്രയില്‍ 24 മണിക്കൂറില്‍ 552 പേരാണ് രോഗബാധിതരായത്.

ആകെ 4200 പേര്‍ക്ക് രോഗം ബാധിക്കുകയും 223 പേര്‍ മരണമടയുകയും ചെയ്തിരിക്കുന്ന മഹാരാഷ്ട്രയില്‍ രോഗം ബാധിച്ച 3000 പേരും മുംബൈയില്‍ നിന്നുള്ളവരാണ്. മഹാരാഷ്ട്രയില്‍ അതിതീവ്ര ബാധിത മേഖലയില്‍ മുംബൈ നഗരത്തിലെ 721 വാര്‍ഡുകള്‍ ഉള്‍പ്പെടുന്നുണ്ട്. കൂടാതെ പൂനെ, പിംപ്രി ചിഞ്ച്വാഡ്, താനെ, മിര ഭയന്തര്‍ പ്രദേശങ്ങളും റെഡ് സോണില്‍ ആണുള്ളത്.

അതേസമയം ചെന്നൈയില്‍ തമിഴ്ന്യൂസ് ചാനലിന്റെ സബ് എഡിറ്റര്‍ക്ക് കോവിഡ് ബാധിച്ചതായി കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ന്യൂസ് ഡസ്‌ക്കില്‍ ഇയാള്‍ക്കൊപ്പം ഉണ്ടായിരുന്ന മറ്റുള്ളവരെയും നിരീക്ഷണത്തിലാക്കി. അതേസമയം ഇയാള്‍ക്ക് എവിടെ നിന്നുമാണ് രോഗം പകര്‍ന്നതെന്ന് വ്യക്തമല്ല. മാധ്യമപ്രവര്‍ത്തകര്‍ക്കൊപ്പം താമസിച്ച മാധ്യമപ്രവര്‍ത്തകയ്ക്ക് ലക്ഷണം കണ്ടെത്തിയതിനെ തുടര്‍ന്ന് ഐസൊലേഷനിലേക്ക് മാറ്റിയിരുന്നു.

Comments are closed.